തിരുവനന്തപുരം: തലസ്ഥാനത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 183.5 പവൻ കവർന്ന സംഭവത്തിൽ പ്രതികൾക്കായി തൃശൂരിലും തമിഴ്നാട്ടിലെ ദിണ്ഡിഗലിലും പൊലീസ് തെരച്ചിൽ ആരംഭിച്ചു. നാലംഗ കവർച്ചാ സംഘം നഗരത്തിലെത്തിയത് തൃശൂരിൽ നിന്നാണെന്ന് പൊലീസിന് വ്യക്തമായി. സംഭവശേഷം ഇവർ തമിഴ്നാട്ടിലെ ദിണ്ഡിഗലിലേക്ക് കടന്നെന്നാണ് നിഗമനം. തുടർന്നാണ് രണ്ടിടങ്ങളിലെയും ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തുന്നത്. ഫോർട്ട് എ.സിയുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ സംഘം രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഒരുവിഭാഗം തൃശൂരിലും മറ്റൊരു വിഭാഗം തമിഴ്നാട്ടിലെ ദിണ്ഡിഗലിലും അന്വേഷണം തുടരുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇവരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. വാടകയ്ക്ക് കാറെടുത്ത് ഉയർന്ന വാടകയ്ക്ക് മറിച്ചുനൽകുന്ന സംഘത്തിന്റെ പക്കൽ നിന്നാണ് കവർച്ചയ്‌ക്കുള്ള വാഹനം മോഷണസംഘം തരപ്പെടുത്തിയത്. കാറുടമയിൽ നിന്ന് വാഹനം വാടകയ്‌ക്കെടുത്ത സോമനെ ഇന്നലെ ചോദ്യം ചെയ്‌തു. ഇയാളുടെ പക്കൽ നിന്ന് വാടകയ്‌ക്ക് കാറെടുത്ത സംഘമാണ് നാലംഗ സംഘത്തിന് വാഹനം നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയവരുടെ പേരും ഫോട്ടോയും പൊലീസിന് ലഭിച്ചത്. കവർച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് ഇവരുടെ വിരലടയാളവും ശേഖരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ശ്രീവരാഹത്തിന് സമീപം സ്വർണ വ്യാപാരിയായ ബിജുവിനെ മറ്റൊരു കാറിലെത്തിയ സംഘം ആക്രമിച്ച് സ്വർണം കവർന്നത്. കേരള - തമിഴ്നാട് അതിർത്തിയിൽ ജുവലറിയുള്ള ബിജു തൃശൂരിൽനിന്ന് സ്വർണം വാങ്ങി വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ബിജു ഒരു വർഷത്തിലേറെയായി തിങ്കൾ, വെള്ളി ദിവസങ്ങളിൽ തൃശൂരിൽനിന്ന് സ്വർണം വാങ്ങുന്നയാളാണ്. പുലർച്ചെ എഗ്‌മോർ എക്‌സ്‌പ്രസിൽ തമ്പാനൂരിലെത്തിയ ശേഷം സ്വന്തം കാറിൽ വീട്ടിലേക്ക് പോകുന്നതാണ് പതിവ്. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്‌ക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തി.