തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് ഉയർത്തിക്കിട്ടാൻ ജസ്റ്റിസ് രാജേന്ദ്രബാബു സമിതിക്ക് നൽകിയ രേഖകളിൽ കോളേജുകൾ തട്ടിപ്പു കാട്ടിയതായി സൂചന.
ആദായനികുതി നൽകാത്തതിനു പിഴ ചുമത്തിയ അഞ്ച് കോടിയിലധികം രൂപയും പ്രിൻസിപ്പലിന് ആഡംബരകാർ വാങ്ങിയ തുകയും കോളേജിന്റെ ചെലവായി കാണിച്ച് ഫീസ് നിർണയ സമിതിയോട് ഫീസ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാനേജ്‌മെന്റുകൾ, കെട്ടുകെട്ടായി രേഖകൾ കമ്മിറ്റിക്ക് മുന്നിലെത്തിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നവർ. ഒരു കോളേജ് 2014, 2015, 2016 വർഷങ്ങളിൽ യഥാക്രമം 158268, 419488, 544882 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്ന് ശരാശരി ട്യൂഷൻ ഫീസ് ആയി വാങ്ങിയിരുന്നത്. നികുതി ഇനത്തിൽ അടച്ചത് കോടികളും.
മറ്റൊരു കോളേജ് 2016ൽ സമിതിയോട് ആവശ്യപ്പെട്ട ഫീസ് 7.45 ലക്ഷം രൂപ. അതിനായി സമർപ്പിച്ച കണക്കിൽ, നികുതി പിഴയായ 5.82 കോടിയിലധികം രൂപ കാണിച്ചത് കോളേജിന്റെ ചെലവിൽ. മറ്റൊരു കോളേജ് സേവന പ്രവർത്തനങ്ങൾക്കായി 19.20 കോടി രൂപ കൊടുത്തെന്ന കണക്കും സമർപ്പിച്ചിരുന്നു. പരസ്യത്തിനും വക്കീൽ ഫീസ് ഇനത്തിലും കൊടുത്ത തുകയും ചെലവായി കാണിച്ചു.
2017ൽ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടത് 11 ലക്ഷം രൂപ വാർഷിക ഫീസ്. ഫീസ് നിർണയ സമിതി അനുവദിച്ചത് 4.60 ലക്ഷം മുതൽ 5.66 ലക്ഷം വരെ. ഇതിനെതിരെ മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.