congress-sabarimala-women

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിനു കാരണം സംഘടനാപരമായ ദൗർബല്യങ്ങളും ജംബോ കമ്മിറ്റികളുമെന്ന് കെ.പി.സി.സി നിയോഗിച്ച പ്രൊഫ.കെ.വി. തോമസ് കമ്മിറ്റിയുടെ കണ്ടെത്തൽ. പരാജയത്തിന്റെ പേരിൽ ചേർത്തല, വയലാർ, കായംകുളം നോർത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടാനും കമ്മിറ്റി ശുപാർശ ചെയ്തു.

ആലപ്പുഴ തോൽവിക്ക് സംശയനിഴലിലായിരുന്ന എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനും ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനും കമ്മിറ്റി ക്ലീൻചിറ്റാണ് നൽകിയിരിക്കുന്നത്. കാര്യക്ഷമമല്ലാത്തതിനാൽ ജംബോകമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ സത്വരനടപടി വേണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അനുഭവത്തിൽ അരൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിക്കാനും സമിതി നിർദ്ദേശിച്ചു. റിപ്പോർട്ട് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.

പി.സി. വിഷ്ണുനാഥ്, കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. റിപ്പോർട്ട് പരിശോധിച്ച് ഇന്നുതന്നെ നടപടി സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി വാർത്താലേഖകരോട് പറഞ്ഞു. ആലപ്പുഴ എം.പിയായിരുന്ന കെ.സി. വേണുഗോപാലിന് സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെപ്പോലും ജയിപ്പിക്കാനായില്ലെന്ന ആക്ഷേപം പാർട്ടിയിൽ ഉയർന്നിരുന്നു. ഡി.സി.സി അദ്ധ്യക്ഷൻ ലിജുവിനെതിരെയും വിമർശനമുയർന്നു. എന്നാൽ ദേശീയതലത്തിലെ ഭാരിച്ച സംഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനിടയിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ കെ.സി. വേണുഗോപാൽ സജീവശ്രദ്ധ നൽകിയിരുന്നുവെന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. പരിമിതികൾക്കിടയിലും സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആത്മാർത്ഥമായ പ്രവർത്തനമാണ് ലിജുവിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കായംകുളം മണ്ഡലത്തിൽ സംഘടനാ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിട്ടില്ല. സംഘടനാപരമായ ഏകോപനമില്ലായ്മ കാരണം സ്ഥാനാർത്ഥിയുടെ പ്രചാരണം പലേടത്തും വിജയിപ്പിക്കാനായില്ല. കുടുംബയോഗങ്ങളും കോർണർ യോഗങ്ങളും സംഘടിപ്പിക്കുന്നതിലും തിരഞ്ഞെടുപ്പ്കമ്മിറ്റികൾ പരാജയപ്പെട്ടു. ഇലക്‌ഷൻ കാലത്ത് ജംബോ കമ്മിറ്റികൾക്ക് ഫലപ്രദമായി പ്രവർത്തിക്കാനാവില്ല. സുപ്രധാന ചുമതല വഹിക്കേണ്ട ബൂത്ത് കമ്മിറ്റികൾ പലതും നിർജീവമായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മണ്ഡലം കമ്മിറ്റികൾ വിഭജിച്ചത് സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും നിയമനങ്ങളിൽ മികവ് മാനദണ്ഡമാകാതിരുന്നത് ദോഷമായി. കോൺഗ്രസിന് പരമ്പരാഗതമായി വോട്ട് ചെയ്ത വിഭാഗങ്ങൾ എൽ.ഡി.ഫിനും ബി.ജെ.പിക്കും അനുകൂലമായി ചായുന്നുവെന്ന് മനസ്സിലാക്കി തടയുന്നതിൽ ചേർത്തലയിലെ പ്രാദേശികനേതൃത്വം പരാജയമായി.

 റിപ്പോർട്ട് പരസ്യമാക്കുന്നത് ആദ്യം

ആദ്യമായാണ് കെ.പി.സി.സി അന്വേഷണസമിതി റിപ്പോർട്ടിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക് പരസ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സമിതിയുടെ കണ്ടെത്തലുകളെല്ലാം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ശ്രുതിയുണ്ട്. എല്ലാ കണ്ടെത്തലുകളും മൂന്ന് മുതിർന്ന നേതാക്കളെ നേരിട്ട് അറിയിച്ചതായാണ് സൂചന.