വിതുര: പേപ്പാറ ഡാം സന്ദർശിച്ചു മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ തടഞ്ഞു നിറുത്തി കണ്ണിൽ മുളക് പൊടി വിതറിയശേഷം രണ്ട് പവൻെറ താലി മാല പൊട്ടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ വിതുര പേപ്പാറ ഡാമിന് സമീപമാണ് സംഭവം. തൊളിക്കോട് പരപ്പാറ മാങ്കാട് തടത്തരികത്ത് വീട്ടിൽ സുധി (26) യുടെ മാലയാണ് നഷ്ടപ്പെട്ടത്. ബൈക്കിൽ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് യുവാക്കളാണ് ഗർഭിണി കൂടിയായ സുധിയുടെ മാല പട്ടാപ്പകൽ പൊട്ടിച്ചെടുത്തത്. സുധിയും കൂട്ടുകാരി മോളിയുമാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. വിജനമായ വനമേഖലയിൽ വച്ചാണ് സംഭവം. സംഘം വനത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. മോഷണം നടത്തിയ ശേഷം അമിത വേഗതയിൽ ബൈക്ക് ഒാടിച്ചുപോയതായി വീട്ടമ്മമാർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിതുര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ രണ്ട് യുവാക്കൾ ഇന്നലെ രാവിലെ വിതുരയിൽ ചുറ്റിത്തിരിഞ്ഞതായി നാട്ടുകാർ പറയുന്നു.