ബർമ്മിംഗ്ഹാം : ഒരിക്കൽക്കൂടി ഇന്ത്യൻ ബൗളർമാർ കടിഞ്ഞാൺ കയ്യിലേന്തിയതോടെ രോഹിത് ശർമ്മയുടെ ഇൗ ലോകകപ്പിലെ നാലാംസെഞ്ച്വറി പാഴാകാതെ ഇന്ത്യ സെമിഫൈനലിലേക്ക് ചുവടുവച്ചു. എട്ട് മത്സരങ്ങളിലെ ആറാം വിജയവുമായി 13 പോയിന്റിലെത്തിയ ഇന്ത്യ ആസ്ട്രേലിയയ്ക്ക് (14) പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലിലെത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീലങ്കയുമായാണ് പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരം.
വിജയിക്കാൻ 315 റൺസ് തേടിയിറങ്ങിയ ബംഗ്ളാദേശ് അവസാനം വരെ പൊരുതിനോക്കിയെങ്കിലും 286ൽ ആൾഒൗട്ടാവുകയായിരുന്നു. തമിമിനെ (22) പുറത്താക്കി ആദ്യ പ്രഹരം നൽകിയ ഷമിക്ക് ശേഷം സൗമ്യ സർക്കാർ (33), ലിട്ടൺ ദാസ് (22), ബംഗ്ളാദേശിന്റെ കുന്തമുന ഷാക്കിബ് അൽ ഹസൻ(66) എന്നിവരെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യയാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. ബാറ്റിംഗിലെ കുറവ് ബൗളിംഗിൽ തീർത്ത പാണ്ഡ്യയ്ക്ക് പിന്നാലെ വാലറ്റത്തെ ചെറുത്തുനിൽപ്പ് ബുംറയുടെ യോർക്കറുകൾ അവസാനിപ്പിച്ചു.48-ാം ഒാവറിലെ അവസാന രണ്ട് പന്തുകളിൽ റൂബലിനെയും (9),മുസ്താഫിസുറിനെയും ക്ളീൻ ബൗൾഡാക്കിയാണ് ബുംറ ഇന്നിംഗ്സിന് കർട്ടനിട്ടത്.ആകെ നാലുവിക്കറ്റുകളാണ് ബുംറയ്ക്ക് ലഭിച്ചത്.
റൺസൊഴുകുന്ന ബാറ്റുമായി മിന്നിത്തിളങ്ങിയ രോഹിത് ശർമ്മയുടെ മികവിൽ 400 കടക്കുമെന്ന് കരുതിയിരുന്ന ഇന്ത്യ മദ്ധ്യനിരയിലെ മെല്ലെപ്പോക്കിന്റെ ഫലമായാണ് ഇന്നലെ 314/9 എന്ന സ്കോറിൽ ഒതുങ്ങിയത്. രോഹിതിനൊപ്പം ഒന്നാം വിക്കറ്റിൽ 180 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും മത്സരത്തിന്റെ വേഗം വർദ്ധിപ്പിക്കാൻ കാര്യമായ പ്രയത്നം നടത്താതിരുന്ന കെ.എൽ. രാഹുലും (77) പതിവ് നിലവാരത്തിലേക്ക് ഉയരാതെ പോയ ക്യാപ്ടൻ വിരാട് കൊഹ്ലിയും (26) നാലാം നമ്പരിൽ ഒരിക്കൽ കൂടിയിറങ്ങി വലിയൊരു ഇന്നിംഗ്സ് കളിക്കാനുള്ള അവസരം കളഞ്ഞ ഋഷഭ് പന്തും (48), പഴയ വമ്പനടികൾ മറന്നുപോയ ധോണിയും (35) ഡക്കായ ഹാർദിക് പാണ്ഡ്യയും ആദ്യ ലോകകപ്പ് അവസരം പ്രയോജനപ്പെടുത്താതിരുന്ന ദിനേഷ് കാർത്തിക്കും ഒക്കെ ചേർന്ന് വിരസമായി അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സ്. മൊത്തത്തിൽ പറഞ്ഞാൽ രോഹിതിന്റെ വീരോചിത ഇന്നിംഗ്സ് ഒഴിച്ച് ആരാധകരെ തൃപ്തിപ്പെടുത്താവുന്നതൊന്നും ഇന്ത്യൻ ബാറ്റിംഗിലില്ലായിരുന്നു.
ആകെ മാറി ഇന്ത്യ
കഴിഞ്ഞ കളിയിലെ ഓറഞ്ച് ജഴ്സി മാത്രമല്ലൻ പ്ളേയിംഗ് ഇലവനിലും ടീം കോംപോസിഷനിലും മാറ്റം വരുത്തിയാണ് ഇംഗ്ളണ്ടിനെയതിരെ തോറ്റ അതേ വേദിയിൽ ഇന്നലെ വീണ്ടും ഇന്ത്യ കളിക്കാനിറങ്ങിയത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ദിനേശ് കാർത്തിക് ഇറങ്ങിയപ്പോൾ പരിക്കിൽ നിന്ന് മോചിതനായെത്തിയ ഭുവനേശ്വറിന് സ്പിന്നർ കുൽദീപിനെ മാറ്റി നിറുത്തി അവസരം നൽകി. രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ എന്ന പതിവ് മാറ്റി പാണ്ഡ്യയടക്കം നാല് പേസർമാർ പ്ളേയിംഗ് ഇലവനിലുണ്ടായിരുന്നു. മൂന്ന് വിക്കറ്റ് കീപ്പർമാരും (ധോണി, കാർത്തിക്, പന്ത്).
ഗംഭീര തുടക്കം
ഓപ്പണിംഗിനിറങ്ങിയ രാഹുലും രോഹിതും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. തുടക്കത്തിലേ ലൈഫ് കിട്ടിയ രോഹിത് പതിയെ വേഗമാർജിച്ചു. ഒൻപതാം ഓവറിൽ 50 കടന്ന ഇന്ത്യ 18-ാം ഓവറിൽ 100 കടന്നു. 24-ാം ഓവറിൽ 150 ഉം കടന്നു. തുടർന്ന് നേരിട്ട 90-ാം പന്തിൽ രോഹിതിന്റെ സെഞ്ച്വറി. ഉൾവലിഞ്ഞു കളിച്ച രാഹുൽ അർദ്ധ സെഞ്ച്വറി തികച്ചശേഷവും വലിയ ഷോട്ടുകൾക്ക് ശ്രമിച്ചിട്ടില്ല.
വീഴ്ചയുടെ തുടക്കം
30-ാം ഓവറിലാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 92 പന്തുകളിൽ ഏഴ് ബൗണ്ടറികളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ 104 റൺസിലെത്തിയ രോഹിത് സൗമ്യ സർക്കാരിന്റെ പന്തിൽ ലിട്ടൺ ദാസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
അധികം വൈകാതെ രാഹുലം കൂടാരം കയറി. 92 പന്തുകളിൽ ആറ് ഫോസും ഒരു സിക്സുമടക്കം 77 റൺസടിച്ച രാഹുൽ റൂബൽ ഹൊസൈന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകുകയായിരുന്നു. ഇതോടെ ഇന്ത്യ 195/2 എന്ന നിലയിലായി.
തുടർന്ന് കൊഹ്ലിയും പന്തും ചേർന്ന് നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും നായകൻ 39-ാം ഓവറിൽ മുസ്താഫിസുർ റഹ്മാന്റെ ആദ്യ ഇരയായി മടങ്ങി. ഇതേ ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യയെയും (0) മുസ്താഫിസുർ മടക്കി അയച്ചതോടെ ഇന്ത്യ 237/4 എന്ന നിലയിലായി.
277ലെത്തിയപ്പോൾ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഋഷഭ് മടങ്ങി. 300 ലെത്താൻ രണ്ട് റൺസ് കൂടി വേണ്ടിയിരുന്നപ്പോൾ ദിനേഷ് കാർത്തിക്കും (8) കൂടാരം കയറി. അവസാന ഓവറിൽ ധോണി, ഭുവനേശ്വർ (2), ഷമി (1) എന്നിവർ കൂടി പുറത്തായി. ഭുവി റൺ ഔട്ടായിരുന്നു. ഷമിയെ പുറത്താക്കിയാണ് മുസ്താഫിസുർ അഞ്ച് വിക്കറ്റ് തികച്ചത്.
ആദ്യ വിക്കറ്റ്
ഷമിക്ക്
പ്രതീക്ഷിച്ചതിലും കുറഞ്ഞസ്കോർ ചേസ് ചെയ്യാനിറങ്ങിയ ബംഗ്ളാദേശിന് പത്താം ഒാവറിലാണ് ആദ്യ പ്രഹരമേറ്റത്. ആദ്യ വിക്കറ്റ് വീഴ്ത്തിയത് ഷമിയാണ്. പത്താം ഓവറിലെ മൂന്നാം പന്തിൽ തമിമിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു ഷമി. തുടർന്ന് സൗമ്യ സർക്കാർ(33) ,മുഷ്ഫിഖുർ റഹിം(24),ലിട്ടൺ ദാസ്(22), മൊസാദേക്ക്(3), ഷാക്കിബ് (66)എന്നിവരുടെ പുറത്താകലുകൾ ഇന്ത്യയ്ക്ക് ആവേശമേകി.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്റിംഗ് : കെ.എൽ. രാഹുൽ സി മുസ്‌താഫിസുർ ബി റൂബൽ ഹൊസൈൻ 77, രോഹിത് ശർമ്മ സിലിട്ടൺ ദാസ് ബി സൗമ്യ സർക്കാർ 104, കൊഹ്‌ലി സി റൂബൽ ഹൊസൈൻ ബി മുസ്താഫിസുർ 26, ഋഷഭ് പന്ത് സി മൊസാട്ടേക്ക് ഹൊസൈൻ ബി ഷാക്കിബ് അൽഹാസി 48, ഹാർഭിക് പാണ്ഡ്യ സി സൗമ്യ സർക്കാർ ബി മുസ്തഫിസുർ റഹ്‌മാൻ 0, ധോണി സി ഷാക്കിബ് ബി മുസ്താഫിസുർ 35, കാർത്തിക് സി മൊസട്ടേക്ക് ബി മുസ്താഫിസുർ 8, ഭുവനേശ്വർ റൺ ഔട്ട് 2, ഷമി ബി മുസ്താഫിസുർ 1, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 13, ആകെ 50 ഓവറിൽ 314/9 വിക്കറ്റ് വീഴ്ച : 1-180 (രോഹിത് 29.2 ഓവർ), 2-195 (രാഹുൽ 32.4), 3-237 (കൊഹ്‌ലി 38.2), 4-237 (പാണ്ഡ്യ 38.4), 5-277 (പന്ത് 44.1), 6-298 (കാർത്തിക് 47.2), 7-311 (ധോണി 49.3), 8-314 (ഭുവി 49.5), 9-314 (ഷമി 50). ബൗളിംഗ് : മൊർത്താസ 5-0-36-0, സൈഫുദ്ദീൻ 7-0-59-0, മുസ്താഫിസുർ 10-1-59-5, ഷാക്കിബ് 10-0-41-1, മൊസാദേക്ക് 4-0-32-0, റൂബൽ ഹൊസൈൻ 8-0-48-1, സൗമ്യ സർക്കാർ 6-0-33-1. വിട്ടാൽ വിലസും രോഹിത് ബാറ്റിംഗിന്റെ തുടക്കത്തിൽ രോഹിതിന്റെ ക്യാച്ച് കൈവിടുകയോ റൺ ഔട്ട് ചാൻസ് മിസാക്കുകയോ ചെയ്താൽ എതിർ ടീമിന് ഏറെ ദുഃഖിക്കേണ്ടി വരുമെന്ന് ഇന്നലെയും തെളിഞ്ഞു. ഇന്നലെ രോഹിത് വ്യക്തിഗത സ്കോർ 9ൽ നിൽക്കവേ തമിം ഇഖ്ബാൽ ഒരു ക്യാച്ച് കൈവിട്ടിരുന്നു. അതിന്റെ വില വലുതാണെന്ന് പിന്നീട് ബംഗ്ളാദേശുകാർക്ക് ബോധ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, പാകിസ്ഥാൻ, ഇംഗ്ളണ്ട് എന്നിവർക്കെതിരായ മത്സരങ്ങളിലും രോഹിതിന്റെ ക്യാച്ചുകൾ മിസാക്കിയിരുന്നു. ഇതിൽ ആസ്ട്രേലിയയ്ക്ക് എതിരെ ഒഴികെ സെഞ്ച്വറി നേടുകയും ചെയ്തു. ഓസീസിനെതിരെ 57 റൺസ് നേടി. പാകിസ്ഥാനെതിരായ മത്സരത്തിൽ ഒരു റൺ ഔട്ടിൽ നിന്നും രോഹിത് രക്ഷപ്പെട്ടിരുന്നു. രോഹിതിന്റെ സെഞ്ച്വറികൾ (ഈ ലോകകപ്പിൽ) 122 Vs ദക്ഷിണാഫ്രിക്ക 140 Vs പാകിസ്ഥാൻ 102 Vs ഇംഗ്ളണ്ട് 104 Vs ബംഗ്ളാദേശ് 4 ഒരു ലോകകപ്പിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും രണ്ടാമത്തെ അന്താരാഷ്ട്ര താരവുമാണ് രോഹിത്. 2015 ലോകകപ്പിൽ ശ്രീലങ്കൻ ബാറ്റ്‌സ്‌മാൻ കുമാർ സംഗക്കാര നാല് സെഞ്ച്വറികൾ നേടിയിരുന്നു. 2003ൽ മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി മൂന്ന് സെഞ്ച്വറികൾ നേടിയിരുന്നു. ഇന്ത്യ അക്കുറി ഫൈനലിലെത്തുകയും ചെയ്തിരുന്നു. 544 ഈ ലോകകപ്പിലെ ഏറ്റവും വലിയ റൺ വേട്ടക്കാരനായി രോഹിത് ശർമ്മ മാറി. ഏഴ് ഇന്നിംഗ്സുകളിൽ നാല് സെഞ്ച്വറികളുടെയും ഒരു അർദ്ധ സെഞ്ച്വറിയുടെയും അകമ്പടിയോടെയാണ് രോഹിത് 544 റൺസിലെത്തിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 516 റൺസ് നേടിയ ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറെയാണ് രോഹിത് മറികടന്നത്. ഒരു ലോകകപ്പിൽ സച്ചിന് ശേഷം 500 റൺസിലേറെ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ‌്‌സ്‌മാനും രോഹിത് തന്നെ. 1996 ലോകകപ്പിൽ സച്ചിൻ 523 റൺസും 2003 ലോകകപ്പിൽ 673 റൺസും നേടിയിരുന്നു. 180 ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്നലെ രോഹിതും രാഹുലും പടുത്തുയർത്തിയത്. 26 തന്റെ ഏകദിന കരിയറിലെ 26-ാമത് സെഞ്ച്വറിയാണ് ഇന്നലെ രോഹിത് ബർമിംഗ്‌ഹാമിൽ നേടിയത്. 180+134 ഇന്നലെ ഒന്നാം വിക്കറ്റിൽ രാഹുലം രോഹിതും കൂട്ടിച്ചേർത്തത് 180 റൺസ്. എന്നാൽ ബാക്കിയുള്ള ഒമ്പതു വിക്കറ്റുകൾക്കിടയിൽ നേടാനായത് 134 റൺസ് മാത്രവും.