കോപ്പ അമേരിക്കയിൽ അർജന്റീന, ബ്രസീൽ സെമി ഫൈനൽ ഇന്ന് രാവിലെ ആറിന്
ബെലെ ഹൊറിസോണ്ടോ : ഇന്ന് രാവിലെ കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് കണികണ്ടുണരാൻ ലോക ഫുട്ബാളിലെ അത്യധികം വാശിയേറിയ ഒരു സെമി ഫൈനൽ. കോപ്പ അമേരിക്ക ടൂർണമെന്റിൽ ലാറ്റിനമേരിക്കൻ കാൽപ്പന്തുകളിയുടെ ഹൃദയത്തിന്റെ രണ്ട് അറകളായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്ന സെമി ഫൈനലിനാണിന്ന് രാവിലെ ഇന്ത്യൻ സമയം ആറിന് വിസിൽ മുഴങ്ങുന്നത്. ഈ കളികാണാൻ ടി.വി. ചാനലിന് മുന്നിൽ ചാരിയിരുന്നിട്ട് കാര്യമില്ല. ഇന്ത്യയിൽ ടി.വി. സംപ്രേഷണമില്ല. ഇന്റർ നെറ്റിലെ ലൈവ് സ്ട്രീമിംഗ് സൈറ്റുകളിലാണ് ആരാധകരുടെ പ്രതീക്ഷ.
ബ്രസീൽ Vs അർജന്റീന
45
മത്സരങ്ങളിൽ ബ്രസീലിന് ജയം
39
മത്സരങ്ങളിൽ അർജന്റീനയ്ക്ക് ജയം
25
മത്സരങ്ങൾ സമനില
1914
ലാണ് ബ്രസീലും അർജന്റീനയും തമ്മിൽ ആദ്യമായി ഏറ്റുമുട്ടുന്നത്. അന്ന് 3-0ത്തിന് അർജന്റീന ജയിച്ചു.
ലാസ്റ്റ് 5
ഇരു ടീമുകളും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് പോരാട്ടത്തിൽ മൂന്ന് വിജയങ്ങൾ ബ്രസീലിന്. ഒരു വിജയം അർജന്റീനയ്ക്ക്. ഒരു കളി സമനില.
കരുത്തും ദൗർബല്യവും
ബ്രസീൽ
# ടീമെന്ന നിലയിലെ ഒത്തൊരുമയാണ് ബ്രസീലിന്റെ കരുത്ത്
# ലോകോത്തര ക്ളബുകളിൽ കളിക്കുന്ന സൂപ്പർ താരങ്ങളുടെ കൂട്ടായ്മയാണ് ബ്രസീലിയൻ ടീം.
# ഗബ്രിയേൽ ജീസസ്, ഫിർമിനോ, കുടീഞ്ഞോ, വില്ലെയ്ൻ, ഡാനി ആൽപ്സ് തുടങ്ങിയ എണ്ണം പാറഞ്ഞ താരങ്ങൾ ബ്രസീലിയൻ നിരയിലുണ്ട്.
# സ്വന്തം നാട്ടിൽ കളിക്കാനിറങ്ങുന്നതിന്റെ ആവേശവും മഞ്ഞപ്പടയ്ക്കുണ്ട്.
# ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരെ ജയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു എന്നതാണ് ബ്രസീലിനെ അലട്ടുന്നത്.
അർജന്റീന
# കരുത്തിനെക്കാൾ പരിമിതികളാണ് അർജന്റീന ടീമിനുള്ളത്.
# സൂപ്പർ താരം ലയണൽ മെസിയെ അമിതമായി ആശ്രയിച്ചാണ് അവരുടെ നിലനിൽപ്പ്. എതിരാളികൾ മെസിയെ പൂട്ടിയാൽ പ്ളാൻ ബി ഇല്ല.
# ആക്രമണത്തിനാണോ പ്രതിരോധത്തിനാണോ പ്രാധാന്യം നൽകേണ്ടതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
# ക്വാർട്ടറിലെത്തുന്നതിന് മുമ്പ് ജയവും തോൽവിയും സമനിലയും അനുഭവിച്ചറിഞ്ഞു.
# പക്ഷേ പ്രതികൂല സാഹചര്യങ്ങളിൽ വിജയങ്ങൾ നേടിയിട്ടുള്ള ചരിത്രമാണ് അർജന്റീനയുടെ ആത്മ വിശ്വാസം. ക്വാർട്ടറിലെ മികച്ച പ്രകടനവും ആവേശം കൂട്ടുന്നു.
'മെസിഹ' ഉയിർത്തെണീക്കുമോ?
ലോകം ഇന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫുട്ബാളിന്റെ 'മിശിഹ' ലയണൽ മെസി ഫോമിലേക്ക് ഉയിർത്തെണീക്കുമോ എന്നറിയാനാണ്. യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ ബാഴ്സലോണയ്ക്ക് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ മെസിക്ക് ഈ കോപ്പയിൽ ഒരു ഗോൾ മാത്രമാണ് ഇതുവരെ നേടാനായത്. അതും പെനാൽറ്റിയിലൂടെ. ഈ കോപ്പയിൽ ഇതുവരെയും ഗോൾ വഴങ്ങിയിട്ടില്ലാത്ത ബ്രസീലിയൻ ഗോളി ആലിസണിനെതിരെ മെസി നിറയൊഴിച്ചാലേ അർജന്റീനയ്ക്ക് രക്ഷയുള്ളൂ.
1993
ന് ശേഷം കോപ്പ അമേരിക്കയിലെന്നല്ല ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ പോലും കിരീടം നേടാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല.
2014 ലോകകപ്പിന്റെയും 2015, 2017 കോപ്പകളുടെയും ഫൈനലുകളിൽ കണ്ണീർ വീഴ്ത്തിയ മെസിക്ക് രാജ്യത്തിന് ആദ്യ കിരീടം നേടിക്കൊടുക്കാനുള്ള അവസരമാണിത്.
മെസി ഇതുവരെ അന്താരാഷ്ട്ര ഫുട്ബാളിൽ സെമി ഫൈനലുകളിൽ തോറ്റിട്ടില്ല, ഫൈനലുകളിൽ ജയിച്ചിട്ടുമില്ല.