പോത്തൻകോട്: അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 17 പവന്റെ ആഭരണങ്ങളടങ്ങിയ പെട്ടി മോഷണം പോയ സംഭവത്തിൽ വീട്ടുടമയുടെ ബന്ധുവായ യുവതിയെ പൊലീസ് അറസ്റ്റുചെയ്‌തു. കൊയ്‌ത്തൂർക്കോണം ഖബറടി ഫാത്തിമ മൻസിലിൽ ആർ. ഷംനയാണ് (29) അറസ്റ്റിലായത്. അറസ്റ്റിലായ ഷംന വീട്ടുടമയുടെ ഭർത്താവിന്റെ അനുജന്റെ ഭാര്യയാണ്. പോത്തൻകോട് ശാന്തിഗിരി ചെറുവല്ലി ടി.പി ഹൗസിൽ ഷൈനിയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. കഴിഞ്ഞ മാസം 24ന് ആയിരുന്നു സംഭവം. വീട്ടുകാർ ബന്ധുവിന്റെ വിവാഹത്തിന് പോയി തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമടങ്ങിയ പെട്ടിയാണ് മോഷണം പോയത്. എന്നാൽ ഇതേ അലമാരയിൽ സൂക്ഷിച്ചിരുന്ന വേറെ ആഭരണങ്ങളും സ്വർണനാണയങ്ങളും രൂപയും നഷ്ടപ്പെട്ടിരുന്നില്ല. വീടും അലമാരയും പൂട്ടുപൊളിക്കാതെ ചാവി ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു. കേസ് അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് വീടിന് സമീപത്തെ ചെറുവല്ലി മുസ്ലിം പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ ആട്ടോയിൽ ഒരു യുവതി വന്നിറങ്ങുന്നതും മടങ്ങിപ്പോകുന്നതുമായ ദൃശ്യം ലഭിച്ചിരുന്നു. ഈ ആട്ടോക്കാരനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം നടന്ന വീട്ടിലേക്ക് പോയ ഷംന ഉടൻ മടങ്ങിയെത്തുകയും വീട്ടിൽ ആളില്ലെന്ന് പറഞ്ഞ് കൊയ്‌ത്തൂർക്കോണത്തെ വീട്ടിലേക്ക് മടങ്ങിയെന്നും വിവരം ലഭിച്ചത്. തുടർന്ന് ഷംനയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കല്യാണത്തിന് പോയോ എന്ന് ഷൈനിയെ വിളിച്ചുചോദിച്ച ശേഷം വീടിന്റെ പിറകുവശത്ത് വച്ചിരുന്ന താക്കോലെടുത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷം താക്കോൽ തിരികെവയ്‌ക്കുകയും ചെയ്‌തു. തൊണ്ടിമുതൽ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ റിമാൻഡ് ചെയ്‌തു. ആട്ടോ ഡ്രൈവറായ ഭർത്താവിന്റെ മാല ഷംന മോഷ്ടിച്ച് വിറ്റിരുന്നതായി പോത്തൻകോട് പൊലീസ് പറഞ്ഞു. പോത്തൻകോട് സി.ഐ പി.എസ്. സുജിത്ത്, എസ്.ഐ വി.എസ്. അജീഷ്, ഗ്രേഡ് എസ്.ഐ രവീന്ദ്രൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപകുമാർ, സനിത, താഹിറ ബീവി, ജ്യോതിസ്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.