photo

നെടുമങ്ങാട്: മാലിന്യം കയറ്റി വന്ന ലോറി നെടുമങ്ങാട് നഗരസഭ നൈറ്റ് സ്‌ക്വാഡ് പിടികൂടി. ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കച്ചേരി ജംഗ്‌ഷനിൽ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. രാത്രികാലങ്ങളിൽ നഗരപരിധിയിൽ മാലിന്യവും കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നതായി വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. ലോറിയിലെ മാലിന്യം ആറ്റിലോ മറ്റ് ജലാശയങ്ങളിലോ ഒഴുക്കിവിടാൻ കൊണ്ടുവന്നതാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ജി. ഉണ്ണി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റാം കുമാർ, കിരൺ, ബിജു സോമൻ, വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നിറച്ച ലോറി പിടികൂടിയത്.