നെടുമങ്ങാട്: പ്രകൃതിദൃശ്യങ്ങൾ ആലേഖനം ചെയ്ത് വിദ്യാർത്ഥികൾ സ്‌കൂൾ പ്രവേശന കവാടം മനോഹരമാക്കി. ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികളാണ് അക്കാഡമിക് ബ്ലോക്കിന്റെ പ്രവേശനഭാഗം ചുവർച്ചിത്രങ്ങൾ കൊണ്ട് സുന്ദരമാക്കിയത്. കാമ്പസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 9 മുതൽ 12 വരെ ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഒരാഴ്ച എടുത്താണ് ചിത്രരചന നടത്തിയത്. അക്രിലിക് നിറങ്ങൾ ഉപയോഗിച്ച് പക്ഷികൾ, പൂക്കൾ, ഇലകൾ തുടങ്ങിയ പ്രകൃതി രൂപങ്ങൾക്കൊപ്പം പാരമ്പര്യകലാ രൂപങ്ങളും ഇടകലർത്തിയാണ് രചന. പ്രമുഖ ചുമർച്ചിത്ര കലാകാരൻ ആദർശ് ഗുരുവായൂരിന്റെയും വിദ്യാലയത്തിലെ കലാവിഭാഗം അദ്ധ്യാപകൻ വിനോദ്. എ.ആറിന്റെയും മാർഗ നിർദ്ദേശം ചുവർച്ചിത്രരചനയ്ക്ക് സഹായകമായി. പ്രിൻസിപ്പൽ കെ.എസ്. പ്രകാശ്കുമാറിന്റെ പിന്തുണയും ഇതിനുപിന്നിലുണ്ട്. ഈജിപ്ഷ്യൻ രചനാരീതിയും ആന്ധ്രയിലെ ചെറിയാൽ ചിത്രരചനാ സങ്കേതങ്ങളും പ്രയോജനപ്പെടുത്തി ധാരാളം ചിത്രങ്ങൾ സ്‌കൂളിൽ കുട്ടികൾ വരച്ചിട്ടുണ്ട്. സ്റ്റേജ്, വരകളും വർണ്ണങ്ങളും കൊണ്ട് അലങ്കരിക്കുന്ന തിരക്കിലാണ് വിദ്യാർത്ഥികളിപ്പോൾ.