നേമം: ജില്ലയുടെ ജീവനാഡിയായ കരമനയാർ ഇന്ന് നാശത്തിന്റെ വക്കിലാണ്. മണലൂറ്റും കരയിടിയലും കയങ്ങൾ രൂപപ്പെടുന്നതും മാലിന്യ നിക്ഷേപവും കാരണം സമ്പന്നമായ ആവാസ വ്യവസ്ഥ പോലും തകർന്ന നിലയിലാണ്. നദികളെ സംരക്ഷിക്കാനുളള നടപടികൾ പലതും വെള്ളത്തിൽ വരച്ച വരപോലെയായി. ഈ സ്ഥിതി തുടരുകയാണെങ്കിൽ ചെന്നൈയിൽ ഇപ്പോൾ ഉണ്ടായ വരൾച്ച നമുക്കും ഉണ്ടാകുന്ന കാലം വിദൂരമല്ല. കരമനയാറിന്റെ നാശത്തിനു പിന്നിലെ പ്രധാന കാരണം മാലിന്യ നിക്ഷേപം തന്നെയാണ്. നദി കടന്ന് പോകുന്ന പ്രദേശത്തെ ചില പഞ്ചായത്തിലെ മാലിന്യങ്ങൾ തള്ളുന്നത് വെള്ളൈക്കടവ് പദ്ധതി പ്രദേശത്താണ്. നഗരവാസികളുടെ കുടിവെള്ള സ്രോതസാണ് ഈ നദി. അഗസ്ത്യ മലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി കുണ്ടമൺകടവു മുതലാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. പേപ്പാറയും അരുവിക്കരയും ജലസമൃദ്ധമാക്കുന്നതും ഈ കരമനയാർ തന്നെയാണ്.
കോളിഫാം ബാക്ടീരിയകൾ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ജലമാണ് കരമനയാറിലേതെന്ന് ആരോഗ്യവകുപ്പ് തന്നെ മുമ്പ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള ജലം ഉപയോഗിക്കുന്നത് ജനങ്ങളെ നിത്യ രോഗികളാക്കി മാറ്റും. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ മാംസാവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും വൻതോതിൽ കരമനയാറിൽ തള്ളപ്പെടുന്നു. നദി ഒഴുകുന്ന ഭാഗങ്ങളിലെ റിസോർട്ടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും വൻതോതിലാണ് മലിനജലം കരമനയാറിൽ ഒഴുകിയെത്തുന്നത്. തമലം, ജഗതി, മേലാറന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിലെ മലിനജലവും ഒാടകൾ വഴി കരമനയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്.
മത്സ്യങ്ങളുടെ ആവാസ ഭൂമിയായിരുന്നു
ഈ നദിയിൽ 50 ഒാളം ഇനം ശുദ്ധജലമത്സ്യങ്ങൾ ഉണ്ടെന്നാണ് പഠനം. എന്നാലിപ്പോൾ അതിന്റെ എണ്ണം പത്തായി കുറഞ്ഞു. നെടുമീൻ, മാലായ്, പാവൽ, കരിമീൻ, ചെക്കാളി, കരിയിട, ചെറുമീൻ തുടങ്ങിയവ ഇവിടെ ഉണ്ടായിരുന്നതായി പഴയ പഠനം കാണിക്കുന്നു. കേരള സർവകലാശാല മറൈൻ വിഭാഗം അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് പലതും വംശനാശം നേരിട്ടെന്നാണ്. കൂടാതെ നിരവധി പക്ഷികളുടെ താവളംകൂടിയാണിവിടം. ഇവയെക്കുറിച്ച് പഠിക്കാൻ വിശാഖം തിരുനാൾ രാജാവ് ബ്രിട്ടീഷുകാരായ ശാസ്ത്ര സംഘത്തെ നിയോഗിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. അന്ന് തയ്യാറാക്കിയ പഠന റിപ്പോർട്ട് തന്നെയാണ് ഇപ്പോഴുമുള്ളത്.
നാശത്തിന്റെ മറ്റ് കാരണങ്ങൾ
നദിയുടെ ഇരുവശത്തും മുളംതൈകളും വൃക്ഷങ്ങളും കൈതച്ചെടികളും നട്ടുപിടിപ്പിച്ചിരുന്നു. വെള്ളപ്പൊക്കമുണ്ടായാൽ കരകൾ സുരക്ഷിതമാകാൻ വേണ്ടിയായിരുന്നു ഇത്. അതു പൂർണമായും നശിച്ചു. ആഴത്തിലുള്ള മണലൂറ്റ് കാരണം നദിയിൽ വൻകയങ്ങൾ രൂപപ്പെട്ടു. വൻതോതിൽ നദിയിൽ മാലിന്യ നിക്ഷേപമുളളതിനാൽ ജലവും മലിനമായി. വെള്ളത്തിൽ ഇരുമ്പ്, കാഡ്മിയം, കോപ്പർ, നിക്കൽ, ക്ലോറൈഡ് എന്നിവയുടെ അംശം കൂടുതലാണ്. അസിഡിറ്റിയും കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വൻ രോഗങ്ങളുണ്ടാകാൻ ഇടനൽകുന്നു. ഇതിനെതിരെ അധികൃതർ ഉണരണമെന്നാണ് ശക്തമായ ആവശ്യം
നഗരസഭ പരിധിയിൽ കരമനയാറ് കടന്നു പോകുന്ന വളരെ കുറച്ച് (33) വാർഡുകളിൽ മാത്രമാണ് ഡ്രെയിനേജ് സംവിധാനമുള്ളത്. അതും പൂർണമല്ല. ബാക്കി വാർഡുകളിൽ സംവിധാനം ഇല്ലാത്തതിനാൽ മാലിന്യം ആറ്റിലേക്ക് പതിക്കുന്നു. കൂടാതെ നഗര പ്രദേശങ്ങളിൽ നിന്ന് ഇറച്ചി മാലിന്യം ഉൾപ്പെടെയുള്ളവ ആറ്റിലേക്ക് വലിച്ചെറിയുന്നു. ഇത് നിയന്ത്രിച്ചാൽ ഒരു പരിധിവരെ നഗര പരിധിയിൽ ആറിനെ മാലിന്യത്തിൽ നിന്ന് സംരക്ഷിക്കാനാകും.
-കരമന അജിത്ത്, വാർഡ് കൗൺസിലർ