തിരുവനന്തപുരം: സെക്രട്ടേറിയറ്രിലെ പ്രതിപക്ഷ യൂണിയൻ ജനറൽ സെക്രട്ടറിക്ക് ഒരു സഖാവിന്റെ വക ഭീഷണിക്കത്ത്. ഭരണകക്ഷിയെയും അതിന്റെ പോഷക ഘടകത്തേയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഉടനടി അവസാനിപ്പിക്കാനാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിലെ ബി.ജെ.പി അനുകൂല സംഘടനായ എംപ്ളോയീസ് സംഘിന്റെ നേതാവിന് ഊമക്കത്ത് ലഭിച്ചത്. ഇതിന്റെ പകർപ്പ് 'ഫ്ളാഷി'ന് ലഭിച്ചു. കത്തയച്ച ആളുടെ പേരിന് പകരം ' ഒരു സഖാവ് ' എന്നാണെഴുതിയിരിക്കുന്നത്. സെക്രട്ടേറിയറ്രിലെ ജീവനക്കാരുടെ സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കത്ത് അയച്ചതെന്നാണ് സൂചന. തങ്ങളുടെ സംഘടന ആദ്യമായി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ മത്സരിച്ചതാകാം കത്തയച്ചവരെ പ്രകോപിപ്പിച്ചതെന്ന് കത്ത് ലഭിച്ച ധനകാര്യ വകുപ്പിലെ ജീവനക്കാരനും സെക്രട്ടേറിയറ്ര് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറിയുമായ ടി.ഐ.അജയകുമാർ പറഞ്ഞു. വാൻറോസ് ജംഗ്ഷനിലെ സംഘടനയുടെ ഓഫീസിലാണ് കത്ത് വന്നത്.
'ക്ഷമയ്ക്ക് ഒരതിരുണ്ട്. അതിനെ ദൗർബല്യമായി കരുതണ്ട. അന്യജില്ലകളിലും സെക്രട്ടേറിയറ്ര് തസ്തികകളുണ്ടെന്ന് സുഹൃത്തിനറിയാമല്ലോ എന്നാണ് കത്തിലെ ഭീഷണി. 'വേണ്ടതു പോലെ ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൂചനയും കത്തിൽ നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സംഘടനാ നേതാക്കൾ.
സെക്രട്ടേറിയറ്രിലെ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഭരണ കക്ഷി യൂണിയൻ അംഗങ്ങളായ ചിലർ തങ്ങളുടെ പാനലിൽ മത്സരിച്ചിരുന്നതായി അജയകുമാർ പറഞ്ഞു. ഇതിന്റെ ഭാഗമാകാം ഭീഷണി കത്തെന്നാണ് കരുതുന്നത്. സൊസൈറ്രിയിലേക്ക് മുഴുവൻ സീറ്രിലും മത്സരിച്ച തങ്ങൾക്ക് 600ലധികം വോട്ട് കിട്ടി. ജീവനക്കാരെ നിർബന്ധമായി സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെ എംപ്ലോയിസ് സംഘ് ഉൾപ്പെടുന്ന ഫെറ്രോ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതും ഭരണ കക്ഷി സംഘടനയെ ചൊടിപ്പിച്ചിട്ടുണ്ടാവാം. സ്ഥലം മാറ്ര ഭീഷണി മുഴക്കിയാണ് അവർ തങ്ങളുടെ അംഗങ്ങളെ നിലനിറുത്തുന്നത്. ഈ കത്തും അതിന്റെ ഭാഗമാകാം. ഇതു കൊണ്ടൊന്നും തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് കരുതേണ്ട. കത്തിലെ ഭീഷണിയെക്കുറിച്ച് പൊലീസിലും ധനകാര്യ- നിയമ വകുപ്പ് സെക്രട്ടറിമാർക്കും പരാതി നൽകുമെന്നും അജയകുമാർ പറഞ്ഞു. ഇതോടെ സെക്രട്ടേറിയറ്റിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ തമ്മിലുള്ള പോര് മുറുകി.