ഭൂമിയ്ക്കടിയിൽ 11,000 ചതുരശ്ര മീറ്ററിലധികം വിസ്‌തൃതിയിൽ നീണ്ടു കിടക്കുന്ന ഗുഹാശൃംഖലകൾ.. ഇരുൾ മൂടി കിടക്കുന്ന അവയുടെ ചുവരുകളിൽ നിരനിരയായി അടുക്കി വച്ചിരിക്കുന്ന തലയോട്ടികളും എല്ലിൻ കഷ്ണങ്ങളും.. ഹൊറർ സിനിമകളിലെ രംഗമൊന്നുമല്ല. പാരീസിലെ പ്രസിദ്ധമായ ഭൂഗർഭ കല്ലറകളെ പറ്റിയാണ് പറയുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് മൺമറഞ്ഞവരുടെ ശരീര ഭാഗങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭൂഗർഭ കല്ലറകളാണിവ. ലോകത്തെ ഏറ്റവും വലിയ ശവക്കല്ലറയെന്നറിയപ്പെടുന്ന ഇവിടത്തെ അസ്ഥികൾ നമ്മെ പേടിപ്പെടുത്തും.
പാരീസിലെ ഇത്തരം ഭൂഗർഭ കല്ലറകളിൽ ആറ് ദശലക്ഷത്തിലേറെ ശരീരാവശിഷ്ടങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. 1774ലാണ് ഇവ നിർമിക്കപ്പെട്ടത്.
പാരീസ് നഗരത്തിൽ സെമിത്തേരികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് തടയാനായാണ് അധികാരികൾ ഇങ്ങനെ ഒരു ആശയം രൂപീകരിച്ചത്. 1786 മുതൽ 1788 വരെ കുഴിമാടത്തിൽ നിന്നും പുറത്തെടുത്ത എല്ലുകളെ സജീവമായി ഈ ടണലുകളിലേക്ക് മാറ്റി. പിന്നീട് മരണമടഞ്ഞവരുടെയെല്ലാം ഇത്തരത്തിൽ ഗുഹകളിൽ അടക്കം ചെയ്‌തു. ഇന്ന് പാരീസിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ഭൂഗർഭ കല്ലറകൾ. പ്രതിവർഷം 1,60,000ലേറെ പേർ ഇവിടം സന്ദർശിക്കാനെത്തുന്നുണ്ടെന്നാണ് കണക്ക്.
ഗുഹയ്ക്കകത്ത് കടക്കുമ്പോൾ അനന്തമായി നീണ്ടു കിടക്കുന്ന ഇടനാഴികൾ കാണാം. ഗുഹാ ഭിത്തിയുടെ ഇരുവശത്തുമായാണ് മൃതശരീരങ്ങൾ കാണാൻ കഴിയുക. പണ്ട് ഈ ഗുഹകളുടെ ഇടനാഴികളിൽ വഴിതെറ്റിപ്പോയ ചിലർ ഒടുവിൽ അവിടെ തന്നെ മരിച്ചിട്ടുണ്ടത്രെ ! അങ്ങനെ മരണമടഞ്ഞവരുടെ അസ്ഥികൾ പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇവിടുള്ളവർ പറയുന്നത്. പേടിപ്പെടുത്തുന്ന വികൃതമായ മനുഷ്യ അസ്ഥികൾക്ക് പുറമേ ഗുഹാ ഭിത്തികളിൽ കൊത്തിവച്ചിരിക്കുന്ന വാക്യങ്ങളും കാണാം. പാരീസിൽ ജീവിച്ചിരുന്നവർ തങ്ങളുടെ രഹസ്യങ്ങൾ മരണത്തിന് മുമ്പ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്രെ. പാരീസിന് പുറമെ റോം, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ എന്നിവിടങ്ങളിലും ഇത്തരം ഭൂഗർഭ സെമിത്തേരികൾ കാണപ്പെടുന്നു.
.