ബാലരാമപുരം: അനുവാദമില്ലാതെ മഴ അടർത്തിയെടുത്ത വീടിന്റെ ഭിത്തി കാണുമ്പോൾ സിന്ധുവിന്റെ കണ്ണ് നിറയുമായിരുന്നു. മൺകട്ടകൊണ്ട് കെട്ടിയ ഓലമേഞ്ഞ വീടിന്റെ ചുവരിടിയുന്ന ഭീതിയിൽ ഉറങ്ങാതിരുന്ന രാത്രികളെക്കുറിച്ച് പറയുമ്പോൾ ഇന്നും സിന്ധുവിന്റെ മുഖത്ത് ആ ഭയപ്പാടുണ്ട്. എന്നാൽ ഇനി സിന്ധുവിന് ഈ ദുരിതങ്ങളോടെല്ലാം വിട പറയാം. കാരണം എൽ.ഡി.എഫ് സർക്കാരിന്റെ കെയർഹോം പദ്ധതി പ്രകാരം അഞ്ചുസെന്റിൽ നിർമ്മിച്ചു നൽകിയ സ്വപ്നസദൃശ്യമായ വീട്ടിൽ സിന്ധുവിന്റെ കുടുംബത്തിന് തല ചായ്ക്കാം. കഴിഞ്ഞ ആഗസ്റ്റിൽ പെയ്ത കനത്തമഴയിൽ കോട്ടുകാൽ മണപ്പുറം പ്ലാവിള പുത്തൻവീട്ടിൽ നെയ്ത്തുതൊഴിലാളിയായ സിന്ധുവിന്റെ വീടിന്റെ ചുമരുകൾ ഇടിഞ്ഞു. വീടിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കോട്ടുകാൽ വില്ലേജിൽ പരാതി നൽകി. വീടിന്റെ ദുരവസ്ഥ നേരിൽക്കണ്ട വില്ലേജ് ഓഫീസർ താലൂക്കിലേക്ക് റിപ്പോർട്ടെഴുതി. തുടർന്ന് താലൂക്ക് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.ബാലരാമപുരം സർവീസ് സഹകരണ ബാങ്കിനായിരുന്നു വീടിന്റെ നിർമ്മാണച്ചുമതല. ബാങ്ക് പ്രസിഡന്റ് അഡ്വ. എ. പ്രതാപചന്ദ്രൻ, സെക്രട്ടറി എ. ജാഫർഖാൻ, ഡയറക്ടർ ബോർഡ് അംഗം അഡ്വ. ഫ്രെഡറിക് ഷാജി എന്നിവർ നിർമ്മാണത്തിന് നേതൃത്വം നൽകി.നെയ്ത്ത് തൊഴിലാളിയായ സിന്ധുവിന്റെ ഭർത്താവ് 20 വർഷം മുമ്പ് ഉപേക്ഷിച്ചുപോയിരുന്നു. തുടർന്ന് വെല്ലുവിളികൾ അതിജീവിച്ചാണ് ഇവർ ജീവിതം തള്ളി നീക്കിയത്. പരമ്പരാഗത നെയ്ത്ത് തൊഴിലാളിയായ സിന്ധു കൈത്തറി സാരിയാണ് നെയ്യുന്നത്. പ്രതിദിനം തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. പരാധീനതകൾക്ക് നടുവിൽ കിടപ്പാടമൊരുക്കാൻ സഹായം നൽകിയ സർക്കാരിനും നേതൃത്വം നൽകിയ ബാങ്ക് ഭരണസമിതിയോടും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.