dr-b-umadathan
ഡോ.ബി ഉമാദത്തൻ

തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി. ഉമാദത്തൻ (73) അന്തരിച്ചു. ഇന്നലെ രാവിലെ 9 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ഇന്ന് രാവിലെ 11ന് സ്വവസതിയായ കരിക്കകത്തെ ഉപ്പുപറമ്പിൽ വീട്ടിൽ നടക്കും.

സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. കെ. ബാലരാമപ്പണിക്കരുടെയും ചാവർകോട് ജി. വിമലയുടെയും മകനായി 1946 മാർച്ച് 12ന് തിരുവനന്തപുരത്തായിരുന്നു ജനനം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നായിരുന്നു എം.ബി.ബി.എസ്, എം.ഡി പഠനം. 1969ൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ, വകുപ്പ് തലവൻ, പൊലീസ് സർജൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഗവ. മെഡിക്കോ ലീഗൽ എക്‌സ്‌പേർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽ നിന്നു 2001ലാണ് വിരമിച്ചത്. അമൃത ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ പ്രൊഫസറും വകുപ്പ് തലവനുമായി പ്രവർത്തിച്ച് വരികയായിരുന്നു.

പാനൂർ സോമൻ കേസ്, മിസ് കുമാരിയുടെ മരണം, റിപ്പർ കൊലപാതകങ്ങൾ, സിസ്റ്റർ അഭയ കേസ്, സുകുമാരക്കുറുപ്പ് കേസ് തുടങ്ങിയ പ്രമാദമായ പല കേസുകൾ തെളിയിക്കുന്നതിനും ഉമാദത്തൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

പൊലീസ് സർജന്റെ ഓർമ്മകുറിപ്പുകൾ, കു​റ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം, കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം തുടങ്ങിയ പുസ്തകങ്ങളും കു​റ്റാന്വേഷണ സംബന്ധമായ നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: പത്മകുമാരി. മക്കൾ: യു. രാമനാഥൻ (വിദേശം), ഡോ. യു.വിശ്വനാഥൻ. മരുമക്കൾ: ഡോ.രൂപാ, ഡോ.റോഷ്‌നി. ചെറുമക്കൾ: ഗൗതം വിശ്വനാഥ്, രേഷ്മ പണിക്കർ.ഭൗതിക ശരീരം ഇന്ന് രാവിലെ 9ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും