wave

തിരുവനന്തപുരം: കടലെടുക്കുന്ന തീരത്തെ തിരിച്ചുപിടിക്കാനും തീരം കാർന്നെടുക്കുന്നത് തടയാനും പുതിയ സാങ്കേതിക വിദ്യയുമായി ഒരു കൂട്ടം ഗവേഷകർ രംഗത്ത്. 'വേവ് വെന്റിലേറ്റർ 'എന്ന് പേരിട്ടിരിക്കുന്ന കോൺക്രീറ്റ് നിർമ്മിതിയുടെ നിർമ്മാണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിട്ടുണ്ട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായിരുന്ന വി.ആർ. പണിക്കർ,​ കേരള സർവകലാശാലയിലെ എൻവയൺമെന്റ് സയൻസ് വിഭാഗം മുൻ മേധാവിയും ഡീനുമായ ഡോ. ശോഭകൃഷ്ണൻ,​ പന്തളം എൻ.എസ്.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. സന്തോഷ്, പാരിപ്പള്ളി എൻജിനിയറിംഗ് കോളേജിലെ പ്രൊഫസർ സത്യശീലൻ എന്നിവരുടെ നേതൃത്വത്തിലാണ് 'വേവ് വെന്റിലേറ്റർ' നിർമ്മിച്ചത്.

പ്രത്യേക രീതിയിൽ നിർമ്മിച്ച കൂറ്റൻ കോൺക്രീറ്റ് ബ്ളോക്കാണ് ഇവ. കടലാക്രമണം ഉണ്ടാകുന്ന ഭാഗങ്ങളിൽ കരയിൽ നിന്നും 50 മീറ്റർ മാറി കടലിൽ സ്ഥാപിക്കും. ഒരു കിലോമീറ്ററിൽ 55 വെന്റിലേറ്ററുകൾ വേണം,​10 കോടിയാണ് ചെലവ്.

ഓരോ വെന്റിലേറ്ററും തമ്മിൽ 10 മീറ്റർ അകലമുണ്ടാകും. കരയിലെത്തുന്ന തിരമാലകൾ വെന്റിലേറ്ററിന്റെ കോൺക്രീറ്റ് പാളിയിൽ തട്ടുന്നതോടെ തിരമാലകളുടെ ശക്തി കുറയും. അതിനാൽ കടൽത്തീരത്തെ മണ്ണ് ഒഴുകിപ്പോകുന്നത് തടയാനാകും. മാത്രമല്ല തിരമാലയ്ക്കൊപ്പം വരുന്ന മണൽ വെന്റിലേറ്ററിന്റെ സഹായത്താൽ തീരത്ത് അടിയും. ഇങ്ങനെ ഒരു മാസംകൊണ്ട് തീരത്ത് മണ്ണ് നിറയും. തുടർന്ന് വെന്റിലേറ്ററുകൾ 50 മീറ്റർ കടലിനുള്ളിലേക്ക് മാറ്റിസ്ഥാപിക്കും. വർഷത്തിൽ രണ്ടുതവണ ഇങ്ങനെ ചെയ്താൽ ഒരു കിലോമീറ്റർ തീരത്ത് അഞ്ച് ലക്ഷം ഘനമീറ്റർ മണൽ അടിയുമെന്ന് ഗവേഷകർ പറയുന്നു.

ഇതിനുള്ള പദ്ധതിരേഖ 2012ൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡയറക്ടറേറ്റ് ഒഫ് ഓഷ്യൻ ഡെവലപ്‌മെന്റിന് സമർപ്പിച്ച് അനുമതി വാങ്ങിയിരുന്നു. തുടർന്ന് ഫിഷറീസ് വകുപ്പും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടിയും പദ്ധതി

സ്റ്റഡി പ്രോജക്ടായി ആലപ്പാട് പഞ്ചായത്തിൽ നടപ്പാക്കാൻ അനുമതി നൽകി.

കടലെടുക്കുന്ന തീരം

കടൽക്ഷോഭങ്ങളുണ്ടാകുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും തീരം കടലെടുക്കുന്നത് പതിവാണ്. ഇതുവരെ സംസ്ഥാനത്ത് 1500 ചതുരശ്ര കിലോമീറ്റർ കര നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.