remedies-for-diabetes

പ്രമേഹം ഇന്ന് സർവസാധാരണമാണ്. ശ്രദ്ധിക്കാതിരുന്നാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള സങ്കീർണവും അപകടകരവുമായ രോഗങ്ങങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. സാധാരണയായി രണ്ടുതരത്തിലാണ് പ്രമേഹം കണ്ടുവരുന്നത്. ഇൻസുലിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്നത് ടൈപ്പ് - 1 എന്നും, ഇൻസുലിനോടുള്ള പ്രതിരോധവും ഇൻസുലിന്റെ അളവിനുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിന് ടൈപ്പ് - 2 എന്നും പറയുന്നു. രണ്ടുതരം പ്രമേഹത്തേയും നിയന്ത്രിക്കുന്നതിൽ വ്യായാമത്തിനും ഫിസിയോതെറാപ്പിക്കും വലിയ പങ്കാണുള്ളത്.

വ്യായാമ രീതികൾ

പ്രമേഹ രോഗികൾ പ്രധാനമായും നാല് തരത്തിലുള്ള വ്യായാമ മുറകളാണ് പരിശീലിക്കേണ്ടത്. ആയാസം കുറഞ്ഞ എയറോബിക് എക്സർസൈസാണ് അവയിൽ പ്രധാനം. പേശികൾക്ക് വഴക്കം കൂട്ടുവാനുള്ള ഫ്ളക്സിബിലിറ്റി എക്സർസൈസ്, ബലം വർദ്ധിപ്പിക്കാനുള്ള റെസിസ്റ്റഡ് എക്സർസൈസ് , ബാലൻസ് എക്സർസൈസ് എന്നിവയാണ് പരിശീലിക്കേണ്ടത്.

എയറോബിക് വ്യായാമത്തിൽ ചെറുനടത്തം, നീന്തൽ, സൈക്ളിംഗ്, ജോഗിംഗ്, ഗാർഡനിംഗ്, സൂംബ തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്.

കൈയ്ക്കും കാലിനും പേശികൾക്ക് ബലം വർദ്ധിപ്പിക്കാനായി എക്സർസൈസ് ബാൻഡും മറ്റും ഉപയോഗിച്ച് ചെയ്യുന്ന വ്യായാമത്തിനെ റെസിസ്റ്റഡ് എക്സർസൈസിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരത്തിൽ വഴക്കം കിട്ടുവാനായി ചെയ്യുന്ന വ്യായാമമാണ് ഫ്ളക്സിബിലിറ്റി എക്സർസൈസ്. പേശികൾക്ക് അയവ് വരുത്തി സന്ധികളുടെ ചലനശേഷി വർദ്ധിപ്പിക്കുന്നവയാണിവ.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

. വ്യായാമത്തിന് മുൻപും ശേഷവും കൃത്യമായും പ്രമേഹത്തിന്റെ അളവും ഹൃദയമിടിപ്പും പരിശോധിക്കുക.

വ്യായാമത്തിന് മുൻപും ശേഷവും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയാതെ നോക്കണം.

വ്യായാമത്തിന് ഉപയോഗിക്കുന്ന പാദരക്ഷകൾ കാലുകൾക്ക് പരിക്കുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായ അളവിലുള്ള പാദരക്ഷകൾ തിരഞ്ഞെടുക്കുക.

. വ്യായാമത്തിനിടയിൽ ശ്വാസം പിടിച്ച് വയ്ക്കാൻ ശ്രമിക്കരുത്. മിതമായ സംഭാഷണത്തിൽ ഏർപ്പെടാൻ കഴിയുന്ന രീതിയിൽ മാത്രം ആയാസപ്പെടാതെ വ്യായാമം ചെയ്യുക.

വ്യായാമശേഷം കാൽപ്പാദത്തിൽ മുറിവുകൾ വല്ലതും സംഭവിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

എം. അജയ്‌ലാൽ

സീനിയർ ഫിസിയോതെറാപ്പിസ്റ്റ്

ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിയോതെറാപ്പി

എസ്.യു.ടി ഹോസ്പിറ്റൽ,

പട്ടം,തിരുവനന്തപുരം

ഫോൺ: 9633305435.