ksrtc

ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ- ആനത്തലവട്ടം ഭാഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ നിറുത്തി വച്ചത് യാത്രക്കാരെ വലയ്ക്കുന്നു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള നാല് ട്രിപ്പുകളാണ് ഇത് വഴി ഉണ്ടായിരുന്നത്.

മേൽകടയ്ക്കാവൂർ പുതിയകട ഭാഗത്ത് സ്വകാര്യ വ്യക്തി റോഡിൽ മെറ്റലിറക്കിയതുമായി ബന്ധപ്പെട്ട് ബസിന്റെ ഒരു ട്രിപ്പ് വഴി തിരിച്ച് വിടേണ്ടി വന്നു. അതിനുശേഷമാണ് ഈ റൂട്ടിൽ സർവീസ് നിറുത്തിവച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് സർവീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിക്കുമ്പോൾ പല പല കാരണങ്ങൾ പറഞ്ഞ ശേഷം ഉടൻ ആരംഭിക്കാമെന്ന പാഴ്വാക്കാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. ആനത്തലവട്ടം ആനന്ദൻ എം.എൽ.എ ആയിരുന്ന സമയത്താണ് ഇവിടെ ബസ് സർവീസ് ആരംഭിച്ചത്.

പ്രൈവറ്റ് ബസുകൾ കടന്ന് ചെന്നിട്ടില്ലാത്ത ആനത്തലവട്ടം - മേൽകടയ്ക്കാവൂർ പാതയിലെ ജനങ്ങൾക്ക് ഏക ആശ്രയമായിരുന്നു കെ.എസ്.ആർ.ടി.സി യുടെ ഈ സർവീസുകൾ. സർവീസുകൾ നിലച്ചത് കാരണം ഈ മേഖലയിലുള്ളവർക്ക് യാത്ര ചെയ്യണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട ഗതികേടിലാണ്.