health-center

കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഞെക്കാട് പി.എച്ച്.സിയുടെ പ്രവർത്തനം കൂടുതൽ കര്യക്ഷമമാക്കണമെന്നാവശ്യം ശക്തമാകുന്നു. ഈ പ്രൈമറി ഹെൽത്ത്‌ സെന്ററിനെതിരെ ആരോഗ്യ വകുപ്പ് കാട്ടുന്ന അവഗണന ന്യായികരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.

ആശുപത്രി ഒറ്റൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും ഇവിടെ എത്തുന്ന രോഗികളിൽ ചെറുന്നിയൂർ, മണമ്പൂർ, നാവായിക്കുളം, ചെമ്മരുതി പഞ്ചായത്തുകളിലുള്ളവരുടെ എണ്ണവും ഒട്ടും കുറവല്ല. മികച്ച ചികിത്സയ്ക്ക് പേരുകേട്ട ഈ പ്രൈമറി സെന്ററിൽ കാലാകാലങ്ങളിൽ പദ്ധതികളിൽ ഉൾപ്പെടുത്തി നടത്തിയ അടിസ്ഥാന സൗകര്യ വികസനം മാത്രമാണ് നേട്ടങ്ങളുടെ പട്ടികയിൽ എടുത്തു പറയാനുള്ളത്. എന്നാൽ ഇതിനനുസരിച്ച് ചികിത്സാ സൗകര്യങ്ങളുടെ വർദ്ധനവിനായി ആരും തന്നെ കാര്യമായി മിനക്കെട്ടില്ല. ഏറ്റവും ഒടുവിലായി കഴിഞ്ഞ വർഷം ആർദ്രം പദ്ധതിക്കായി തിരഞ്ഞെടുത്ത ലിസ്റ്റിൽ ഞെക്കാട് പി.എച്ച്.സി.യോട് ആരോഗ്യവകുപ്പ് മുഖം തിരിഞ്ഞതോടെ ലക്ഷങ്ങൾ ചിലവഴിച്ചു നടപ്പിൽ വരുത്തിയ ഉപകരണങ്ങളും തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്.

പ്രൈമറി ഹെൽത്ത് സെന്ററായ ഈ ആശുപത്രിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി നാട്ടുകാർ നടത്തുന്ന മുറവിളിക്കിടെയാണ് സർക്കാർ നടപ്പിലാക്കിയ ആർദ്രം പദ്ധതിയിൽ നിന്നും ആശുപത്രിയെ ഒഴിവാക്കിയത്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.