മലങ്കര സഭയിലെ ഓർത്തഡോക്സ് -യാക്കോബായ തർക്കത്തിൽ രണ്ടുവർഷം മുമ്പ് പുറപ്പെടുവിച്ച വിധി ഇതുവരെ നടപ്പാക്കാത്തതിൽ കേരള സർക്കാരിനെ ചൊവ്വാഴ്ച സുപ്രീംകോടതി അതിനിശിതമായി വിമർശിക്കുകയും കോടതിയലക്ഷ്യം കാട്ടിയതിന് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി നേരേ ജയിലിലേക്ക് അയയ്ക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
സഭാ തർക്കവുമായി ബന്ധപ്പെട്ട കേസിലെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാൻ നടപടി ഉണ്ടാകാത്തതിനാലാണ് ഇരുകക്ഷികളും വീണ്ടും വീണ്ടും കേസുകളുമായി കോടതിയിൽ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നത്. എറണാകുളം ജില്ലയിൽപ്പെട്ട വരിക്കോലി, ആലപ്പുഴ ജില്ലയിലെ കട്ടച്ചിറ എന്നീ പള്ളികളിലെ തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി തങ്ങളുടെ പഴയ വിധി നടപ്പാക്കാത്തതിന്റെ പേരിൽ പൊട്ടിത്തെറിച്ചതും കോടതിയലക്ഷ്യത്തിന് ശിക്ഷ നേരിടേണ്ടി വരുമെന്ന് തുറന്നടിച്ചതും. മലങ്കരസഭയ്ക്കു കീഴിലെ മുഴുവൻ പള്ളികളുടെയും ഭരണം 1934-ലെ സഭാ ഭരണഘടനയ്ക്കനുസൃതമായി വേണം നടത്താനെന്ന് 2017 ജൂലായ് മൂന്നിന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കോടതി വിധി വന്നെങ്കിലും പതിറ്റാണ്ടുകളായി ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തുടരുന്ന തർക്കം കാരണം വിധി നടപ്പാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല. പലവട്ടം ശ്രമം നടത്തിയെങ്കിലും പള്ളികൾക്കു മുമ്പിൽ ഇരുവിഭാഗക്കാരുടെയും രക്തം വീഴുമെന്നു കണ്ട് സർക്കാർ പിന്തിരിയുകയായിരുന്നു.
പള്ളികൾ തങ്ങളുടേതു മാത്രമാക്കി അധികാരം സ്ഥാപിക്കാൻ ഇരുവിഭാഗക്കാരും നടത്തിയ ശ്രമങ്ങൾ പലവട്ടം സംഘട്ടനങ്ങളിലാണ് അവസാനിച്ചത്. 2017ലെ സുപ്രീംകോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് വിഭാഗത്തിനാണ് ഭൂരിപക്ഷം പള്ളികളുടെയും ഉടമസ്ഥാവകാശം ലഭിക്കുക. സ്വാഭാവികമായും യാക്കോബായ വിഭാഗം ഇത് അംഗീകരിക്കുന്നില്ല. തർക്കം തുടരവെ തന്നെ ഇരുകൂട്ടരും പുതിയ ഹർജികളുമായി കോടതിയിൽ എത്തുന്നുമുണ്ട്. സുപ്രീംകോടതിയിലുൾപ്പെടെ ഇരുഭാഗക്കാരുടെയും ഹർജികൾ തീരുമാനം കാത്ത് കിടക്കുകയാണ്. വരിക്കോലി, കട്ടച്ചിറ പള്ളികളുമായി ബന്ധപ്പെട്ട തർക്ക വിഷയത്തിൽ ഇതിനിടെ ഉണ്ടായ ഒരു ഹൈക്കോടതി വിധിക്കെതിരെ ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് രണ്ടുവർഷം മുൻപ് പുറപ്പെടുവിച്ച വിധിയുടെ കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് കേരള സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ പരാമർശങ്ങൾ നടത്തിയത്. ഈ രണ്ടു പള്ളികളിലും യാക്കോബായ വിഭാഗത്തിനുകൂടി ചില കാര്യങ്ങളിൽ അവകാശം നൽകുന്നതായിരുന്നു ഹൈക്കോടതിയുടെ വിധി. ഈ രണ്ട് പള്ളികളിലും ഇരുവിഭാഗക്കാരും ഇപ്പോഴും ഏറ്റുമുട്ടലിന്റെ പാതയിൽ തന്നെയാണ്. യാക്കോബായക്കാർക്ക് വരിക്കോലി, കട്ടച്ചിറ പള്ളികളിൽ ശവസംസ്കാരം നടത്താനുള്ള അനുമതി നൽകുന്ന ഹൈക്കോടതി വിധി 2017ലെ സുപ്രീംകോടതി വിധിക്കെതിരായുള്ളതാണെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വാദം. 2017 ലെ വിധി യഥാകാലം നടപ്പാക്കിയിരുന്നെങ്കിൽ പുതിയ ഹർജിയുമായി ഓർത്തഡോക്സ് സഭയ്ക്ക് പരമോന്നത കോടതിയിൽ എത്തേണ്ടിവരില്ലായിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി വിധി നടപ്പാക്കലിൽ നിന്നും പിന്തിരിഞ്ഞ സംസ്ഥാന സർക്കാർ ഫലത്തിൽ കോടതിയെ ധിക്കരിക്കുകയാണ് ചെയ്തതെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ശകാരം തലകുനിച്ച് ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിൽ സർക്കാർ കാണിച്ച ധൃതിയും വാശിയും സമൂഹത്തിൽ ഇപ്പോഴും വിവാദമായി തുടരുന്നതിനിടയിലാണ് പള്ളിക്കേസിലെ രണ്ടുവർഷം മുൻപുള്ള വിധി നടപ്പാക്കാത്തതിന്റെ പേരിൽ സർക്കാരിനെ അമ്പേ പ്രതിക്കൂട്ടിലാക്കുന്ന കോടതി പരാമർശമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങൾ പരിഗണിക്കാതെയാണ് ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന് സുപ്രീംകോടതി വിധി ഉണ്ടായത്. ഇതിനെതിരെ ഹിന്ദുവിശ്വാസി സമൂഹം രംഗത്തു വരികയും ദീർഘനാൾ പ്രക്ഷോഭം നടത്തുകയും ചെയ്തു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ ബാദ്ധ്യസ്ഥമാകയാൽ ആ കടമ നിറവേറ്റുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. വിശ്വാസി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതായിട്ടും വിധി നടപ്പാക്കാൻ സർക്കാർ അതിരുകൾ വിട്ടും കൈക്കൊണ്ട നടപടികൾ സമൂഹത്തിൽ ഇപ്പോഴും ചർച്ചയാണ്. സർക്കാർ നടപടിക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവരെ നേരിട്ട രീതിയും ഏറെ വിമർശനം ക്ഷണിച്ചു വരുത്തുകയുണ്ടായി.
ശബരിമല വിധി നടപ്പാക്കുന്നതിൽ കാണിച്ച ധൃതിയും പ്രതിബദ്ധതയും എന്തേ പള്ളിക്കേസ് വിധിയുടെ കാര്യത്തിലുണ്ടായില്ലെന്ന വിശ്വാസി സമൂഹത്തിന്റെ ചോദ്യത്തിന് ഇപ്പോൾ പ്രസക്തി വളരെ വർദ്ധിച്ചിരിക്കുകയാണ്. ഈ വിധി നടപ്പാക്കാൻ സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്നും കൗതുകപൂർവം കാത്തിരിക്കുകയാണവർ. സഭാ തർക്കത്തിൽ നിന്ന് ഒഴിഞ്ഞു നിന്നതിന് പിന്നിലെ രാഷ്ട്രീയം അറിയാവുന്നവരാണ് അധികം പേരും. പള്ളിക്കേസിലും ശബരിമല വിഷയത്തിലും സർക്കാർ കൈക്കൊണ്ട വ്യത്യസ്ത സമീപനങ്ങൾ സമൂഹത്തിന് നൽകിയ സന്ദേശം തീർച്ചയായും സർക്കാരിന്റെ പ്രതിച്ഛായയ്ക്കു ചേർന്നതാണെന്നു പറയാനാവില്ല. മാത്രമല്ല അതിനു പിന്നിലെ പക്ഷപാതവും തെളിഞ്ഞു തന്നെകാണാം.