തിരുവനന്തപുരം: ആർദ്രം മിഷൻ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പിൽ ആയിരം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 400 അസിസ്റ്റന്റ് സർജന്മാരുടെയും 400 സ്റ്റാഫ് നഴ്‌സുമാരുടെയും 200 ലാബ് ടെക്‌നിഷ്യന്മാരുടെയും തസ്തികകളാണ് സൃഷ്ടിക്കുക. ഇതുവഴി പ്രതിമാസം 3.38കോടി രൂപയുടെ അധികബാദ്ധ്യതയാണ് കണക്കാക്കുന്നത്.

504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനാണ് ആർദ്രം മിഷൻ ലക്ഷ്യമിടുന്നത്. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും രണ്ട് അസിസ്റ്റന്റ് സർജൻ, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നിഷ്യൻ എന്ന മാനദണ്ഡം അടിസ്ഥാനമാക്കി നിയമനം നടത്തി പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
ആർദ്രം മിഷന്റെ ആദ്യഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. ഇതിനായി മിഷൻ പ്രഖ്യാപനവേളയിൽ 830 പുതിയ തസ്തികകൾ സൃഷ്ടിച്ചു. നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചവരെ ഒരു ഡോക്ടർ മാത്രമാണുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നതോടെ ഇവിടെ ഉച്ചയ്ക്ക് ശേഷവും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. പ്രവർത്തനം രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയാക്കും. ആധുനിക ലബോറട്ടറികൾ അടക്കമുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും.
ഈ സർക്കാർ അധികാരമേറ്റശേഷം ആരോഗ്യ മേഖലയിൽ ആകെ 5250 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.