തിരുവനന്തപുരം: ഹൃദയധമനികളിലും മറ്റും രക്തയോട്ടത്തിനുണ്ടാകുന്ന തടസം നീക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വിതരണം നിറുത്തിയെന്ന് കാണിച്ച് വിതരണക്കാർ തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർക്ക് കത്ത് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിതരണക്കാർക്ക് കിട്ടാനുള്ള 2012 മുതലുള്ള കുടിശിക 20 കോടി രൂപയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് 15 കോടി 21 ലക്ഷം രൂപയും നൽകാനുണ്ട്. ഈ സാഹചര്യത്തിലാണ് വിതരണം നിറുത്തിവയ്ക്കുന്നത്. സൗജന്യ ചികിത്സാ പദ്ധതിയിൽപ്പെടുത്തി രോഗികൾക്ക് നൽകുന്ന സ്റ്റെന്റ്, പേസ്‌മേക്കർ, അനുബന്ധ ഉപകരണങ്ങൾ ഇവയുടെയെല്ലാം വിതരണം നിലച്ചു.
സ്റ്റെന്റ് വിതരണക്കാരുടെ സംഘടനയായ ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഒഫ് മെഡിക്കൽ ഇംപ്ലാന്റ്‌സ് ആൻഡ് ഡിസ്‌പോസിബിൾസിന്റേതാണ് തീരുമാനം. കഴിഞ്ഞ മാസം 28 മുതൽ തന്നെ സ്റ്റോക്ക് നൽകുന്നത് നിറുത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്.
ജൂലായ് 10നുള്ളിൽ തീരുമാനമായില്ലെങ്കിൽ ആശുപത്രികളിൽ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തിൽ പറയുന്നു. കുടിശിക നൽകാത്തതിനാൽ കഴിഞ്ഞ ജൂണിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണം നിലച്ചിരുന്നു. ഇൻഷ്വറൻസ് കമ്പനിയായ റിലയൻസ് തുക നല്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം. കുടിശിക തീർക്കാൻ തുക അനുവദിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും വിതരണക്കാർക്ക് ലഭിച്ചിട്ടില്ല. തൃശൂർ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളും കുടിശിക വരുത്തിയിട്ടുണ്ടെങ്കിലും പണം നൽകാൻ ഈ മാസം 15 വരെ സമയം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റെന്റ് വിതരണം നിറുത്തിയത് ആൻജിയോ പ്ലാസ്റ്റി ചെയ്യാനെത്തിയ രോഗികളെ വലിയ തോതിൽ ബാധിച്ചിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.