cctv

വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുരയേയും പരിസരത്തേയും കാക്കാൻ ഇനി സദാ കാമറക്കണ്ണുകൾ മിഴി തുറന്നിരിക്കും. കുട്ടികളുടെ ഭാവി തകർക്കുന്ന രീതിയിലുള്ള ലഹരി കച്ചവടം, വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധശല്യം, മോഷണം, വാഹനറേസിംഗ്, അമിതവേഗം, അപകടങ്ങൾ എന്നിവ തടയുന്നതിനായാണ് വ്യാപാരി വ്യവസായി സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിക്കുന്നത്. അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിതുര സ്കൂൾ പരിസരം, വിതുര ഗവ. താലൂക്ക് ആശുപത്രി ജംഗ്ഷൻ, വിതുര ഗ്രാമപഞ്ചായത്ത് ഒാഫീസ്, സബ്ട്രഷറി, കമ്മ്യൂണിറ്റിഹാൾ, മൃഗാശുപത്രി, കോട്ടിയത്തറ റോഡ്, കൊപ്പം ജംഗ്ഷൻ, വിതുര കലുങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കി 13 സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത്. വ്യാപാരികളുടെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെയാണ് കാമറകൾ വാങ്ങുന്നത്.

ഉദ്ഘാടനവും മെരിറ്റ് ഇൗവനിംഗും 10ന്

വിതുര മേഖലയിൽ സ്ഥാപിക്കുന്ന 13 സി.സി ടി.വി കാമറകളുടെ ഉദ്ഘാടനവും മെരിറ്റ് ഇൗവനിംഗും മെഡിക്കൽക്യാമ്പും 10ന് നടക്കും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാസെക്രട്ടറി വി. പാപ്പച്ചൻ, ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, നെടുമങ്ങാട് ഡി.വൈ.എസ്.പി ബി. അശോകൻ, വിതുര സി.എെ എസ്. ശ്രീജിത്, വിതുര എസ്.എെ വി. നിജാം, എം.കെ. രാജേന്ദ്രൻ, ബി. അനിൽകുമാർ, ജെ. വേലപ്പൻ, ഷാഹുൽനാഥ് അലിഖാൻ, പി. ജസജകുമാരി, ജി.ഡി. ഷിബുരാജ് തങ്കമണി, സുധ എ. രാജേന്ദ്രൻ, സുലോചനൻനായർ, ജയകുമാർ, വ്യാപാരി വ്യവസായി സമിതി വിതുര യൂണിറ്റ് ഭാരവാഹികളായ എം.എ.എൽ. യൂസഫ്, അനിൽരാജ്, എം.കെ. വിജയരാജൻ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ യോഗത്തിൽ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകും. സൈബർസെല്ലിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ബോധവത്കരണക്ലാസും മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.