umadathan

തിരുവനന്തപുരം: ഓരോ മൃതശരീരത്തിലും അതിന്റെ മരണകാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാൻ സാധിച്ചാൽ മാത്രമേ അന്വേഷണം ശരിയായ ദിശയിൽ മുന്നേറുകയുള്ളൂ.-- 'പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിന്റെ മുഖവുരയിൽ ഡോ. ബി. ഉമാദത്തൻ കുറിച്ചു. സുകുമാരക്കുറുപ്പിന്റെ കേസുൾപ്പെടെ കേരളത്തിലെ പല പ്രമാദമായ കേസുകൾക്കും തുമ്പുണ്ടാക്കിയ ഫോറൻസിക് സർജനാണ് ഇന്നലെ അന്തരിച്ച ഉമാദത്തൻ. സർവീസിൽ നിന്ന് വിരമിച്ചിട്ടും പല സുപ്രധാന കേസുകൾ തെളിയിക്കുന്നതിനും കേരള പൊലീസ് ഉമാദത്തന്റെ സേവനം ഉപയോഗപ്പെടുത്തി.

ഹൈദരാബാദിൽ നിന്ന് മധുവിധുവിനായി മൂന്നാറിലെത്തിയ ദമ്പതികൾ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം തന്നെ ഏറെ വേദനിപ്പിച്ച കേസാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്ന് ആദ്യം വിധിയെഴുതിയ കേസ് സംഭവസ്ഥലത്തുപോലും പോകാതെ ഫോട്ടോയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും മാത്രം കണ്ടാണ് അദ്ദേഹം അപകടമരണമാണെന്ന നിഗമനത്തിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് അത്‌ സ്ഥിരീകരിക്കുകയും ചെയ്തു.


ഏറെ കോളിളക്കമുണ്ടാക്കിയ ചാക്കോ വധക്കേസിൽ കൊല്ലപ്പെട്ടത് സുകുമാരക്കുറപ്പല്ല, ഫിലിം റെപ്രസന്റേ​റ്റീവ് ചാക്കോയാണെന്ന് കണ്ടെത്തിയതും ഉമാദത്തനാണ്. 1984 ലാണ് ചാക്കോയെ കൊന്ന് കാറിനുള്ളിലിട്ട് കത്തിച്ച്,​ മരിച്ചത് സുകുമാരക്കുറുപ്പാണെന്ന് വരുത്തിത്തീർത്ത് ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ശ്രമം നടന്നത്. ഡോ. ഉമാദത്തന്റെ നേതൃത്വത്തിലായിരുന്നു മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. കത്തിക്കരിഞ്ഞ മൃതദേഹത്തിൽ ആകെ ബാക്കിയായത് തലയോട്ടിയും കാൽപാദവും മാത്രം. ശാസ്ത്രീയമായ രീതിയിൽ മരിച്ച വ്യക്തിയെ കണ്ടെത്തുകയെന്ന ബുദ്ധിമുട്ടേറിയ ദൗത്യം ഏറ്റെടുത്താണ് മരിച്ചത് സുകുമാരക്കുറപ്പല്ലെന്ന സ്ഥിരീകരണത്തിലേക്ക് ഉമാദത്തൻ എത്തിയത്. പാനൂർ സോമൻ വധക്കേസ‌്, അഭയയുടെ കൊലപാതകം, മിസ‌് കുമാരിയുടെ മരണം, റിപ്പർ കൊലപാതകങ്ങൾ എന്നിങ്ങനെ നിരവധി കേസുകളുടെ ചുരുളഴിച്ചതും ഉമാദത്തനാണ്. തന്റെ സർവീസ് ജീവിതത്തിലെ അനുഭവങ്ങളാണ് 'പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകളി'ൽ അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്.