mullappally-ramachandran

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യു.ഡി.എഫിനുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് നാല് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിട്ടതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചേർത്തല, വയലാർ, കായംകുളം സൗത്ത്, നോർത്ത് ബ്ലോക്കു കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.

പരാജയകാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രൊഫ. കെ.വി. തോമസിന്റെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിഷൻ നൽകിയ റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. പിരിച്ചുവിട്ട ബ്ളോക്കുകളിലെ പുനഃസംഘടനയ്‌ക്കായി മൂന്ന് മുതിർന്ന നേതാക്കളെ ആലപ്പുഴയിലേക്ക് അയയ്‌ക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുനഃസംഘടന പൂർത്തിയാക്കും. മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമോയെന്ന കാര്യവും നേതാക്കൾ പരിശോധിക്കും. അതേസമയം ആലപ്പുഴ ഡി.സി.സിയെ വിശ്വാസത്തിലെടുക്കുകയാണ്. പാർട്ടിയിൽ സ്വയം വിമർശനം വേണം. പക്ഷേ അത് പാർട്ടിവേദികളിൽ ആയിരിക്കണം. ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ നടത്തിയ ക്രൂര മർദ്ദനം സർക്കാരിന് ഭൂഷണമാണോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണം.

ആന്തൂർ, നെടുങ്കണ്ടം സംഭവങ്ങൾക്കെതിരെ തുടങ്ങിയിട്ടുള്ള സമരപരിപാടികൾ താഴെ തലത്തിലേക്ക് വ്യാപിപ്പിക്കും. പ്രളയബാധിതർക്കായി കെ.പി.സി.സി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച 1000 വീടുകൾ പൂർത്തിയാക്കാനാകുമോ എന്നതിൽ ആശങ്കയുണ്ട്. 500 വീടുകളെങ്കിലും നിർമ്മിക്കാൻ ശ്രമിക്കും. എ.ഐ.സി.സി ഫണ്ടിനത്തിൽ രണ്ട് കോടി രൂപ കെ.പി.സി.സിക്ക് അനുവദിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള വിഹിതവും വീടു നിർമ്മാണത്തിന് ഉപയോഗിക്കാമോ എന്ന് പരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.