തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസത്തിനായി കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് തയ്യാറാക്കിയ പത്തനംതിട്ടയിലെ പാണ്ടനാട്, ബുധനൂർ ഗ്രാമപഞ്ചായത്തുകളുടെ വികസന രേഖകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രന് കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. എ.എസ്. ദിലി കൈമാറി. പാണ്ടനാട്, ബുധനൂർ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനുള്ള നിരവധി ആശയങ്ങൾ റിപ്പോർട്ടിലുണ്ട്.
ടി.കെ.എം. എൻജിനിയറിംഗ് കോളേജിന്റെ ഉദ്യമത്തെ ഡോ. വി.കെ. രാമചന്ദ്രൻ പ്രകീർത്തിച്ചു. റിപ്പോർട്ടുകൾ തുടർനടപടികൾക്കായി അദ്ദേഹം കേരള പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാലിന് കൈമാറി. ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗത്തിലെ മുതിർന്ന അദ്ധ്യാപകരടങ്ങിയ സംഘം ഡോ. കെ.എൻ. ഹരിലാലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വികസന പദ്ധതി രേഖ തയ്യാറാക്കിയത്. മുൻ ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ്, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറിയുമായ പി. വിശ്വംഭര പണിക്കർ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, ആർക്കിടെക്ചർ വിഭാഗത്തിലെ അദ്ധ്യാപകരായ പ്രൊഫ. നിസാർ .എസ്.എ, ഡോ. ആനി ജോൺ, പ്രൊഫ. ഷഹാന ഉസ്മാൻ അബ്ദുള്ള, പ്ലാനിംഗ് വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.