vada
VADA

തിരുവനന്തപുരം: ഏത് നിമിഷവും നിലം പൊത്താവുന്ന സബ്ട്രഷറി ആഫീസിന് വാടക കെട്ടിടമനുവദിക്കാനുള്ള നീക്കത്തിന് വടകര നഗരസഭയുടെ 'ആന്തൂർ മോഡൽ" ഉടക്ക്. അകാരണമായി ലൈസൻസ് വൈകിച്ചതിൽ മനം നൊന്ത് ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌തതു പോലെ തങ്ങൾക്കും ഇടപാടുകാർക്കും പറ്റില്ലല്ലോയെന്നാണ് ജീവനക്കാർ പറയുന്നത്. അനുകൂല തീരുമാനത്തിന് അടിയന്തരസഹായം തേടി സംസ്ഥാന ട്രഷറി ഡയറക്ടർ ധനവകുപ്പിന് കത്തെഴുതിയിരിക്കുകയാണിപ്പോൾ. ഇല്ലെങ്കിൽ ട്രഷറിയുടെ പ്രവർത്തനം കല്ലാച്ചിയിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്. ഓഫീസറും ജീവനക്കാരുമടക്കം 25 പേരാണ് സബ്ട്രഷറിയിലുള്ളത്.

ജൂൺ ആദ്യം കാലവർഷമെത്തുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരം വടകര സബ്ട്രഷറി ആഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റാൻ ട്രഷറിവകുപ്പ് നടപടി തുടങ്ങിയത്. വടകരയിൽ മറ്റിടങ്ങൾ ലഭിക്കാത്തതിനാൽ നഗരസഭയിലെ എട്ടാം വാർഡിലുള്ള എം.പി. സുബൈർഹാജിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ അത്യാവശ്യ സൗകര്യങ്ങളുമായി വാടകയ്ക്കെടുക്കാൻ സമ്മതപത്രം നൽകി. വകുപ്പ് മുൻകൈയെടുത്ത് നെറ്റ്‌വർക്കിംഗും അനുബന്ധ ജോലികളും ചെയ്‌തു. ഉടമസ്ഥൻ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയതോടെ മേയ് 27 മുതൽ വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നടപടിയെടുത്തു. എന്നാൽ ഓഫീസ് മാറ്റം തുടങ്ങിയപ്പോൾ സാങ്കേതിക തടസങ്ങൾ പറഞ്ഞ് നഗരസഭ ഇടങ്കോലിട്ടെന്നാണ് ട്രഷറി അധികൃതർ പറയുന്നത്. മൂന്നാം നില താമസാവശ്യത്തിനുള്ള ഡോർമെറ്ററി എന്ന നിലയിലാണ് അനുമതി നൽകിയതെന്നാണ് തടസവാദം.

ഇതിനിടെ മഴ തുടങ്ങിയതോടെ ട്രഷറി പൂർണമായി ചോർന്നൊലിക്കുകയും ആഫീസിലെ ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുകയും ചെയ്‌തു. ഇതിനിടെ ആഫീസിലെ ജീവനക്കാർക്കും ഇടപാടുകാർക്കും ഷോക്കേറ്റത് വാർത്തയുമായി. ട്രഷറിയുടെ അപകടാവസ്ഥ പരിഗണിച്ച് അടിയന്തര താത്കാലികാനുമതി നൽകണമെന്ന് ട്രഷറി ഡയറക്ടർ നേരിട്ട് നഗരസഭ ചെയർമാനോട് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല.

ദൈനംദിന ഇടപാടുകൾക്ക് രണ്ടായിരം പേരാണ് വടകര ട്രഷറിയെ ആശ്രയിക്കുന്നത്. ശമ്പള, പെൻഷൻ വിതരണ ദിവസം അത് അയ്യായിരമാകും. വടകര സബ്ട്രഷറിയുടെ പരിധിയിൽ മാത്രം അയ്യായിരം പെൻഷൻകാരുണ്ട്. ആഫീസ് കല്ലാച്ചിയിലേക്ക് മാറ്റിയാൽ വടകരക്കാർക്കത് തീരാദുരിതമാകും.

ഇതുവരെ നടന്നത് ഇങ്ങനെ