തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്രിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയലിനും പരിക്കേറ്റു. ലാത്തിച്ചാർജിൽ പരിക്കേറ്റ വനിതാ പ്രവർത്തകർ ഉൾപ്പെടെ ഇരുപതോളം പേരെ മെഡിക്കൽ കോളേജ് അശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30 ഓടെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ മാർച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഷാഫി പറമ്പിൽ, റോജി എം. ജോൺ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ആറ്റിപ്ര അനിൽ, നാഗേഷ് കരിയപ്പ തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമാണ് പ്രവർത്തകർ അക്രമാസക്തരായത്. മുദ്രാവാക്യം വിളികളുമായി ബാരിക്കേഡുകൾ മറിച്ചിട്ട് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ആറു തവണ ജലപീരങ്കിയും മൂന്ന് റൗണ്ട് കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ പൊലീസിനു നേരെ കല്ല്, കുപ്പി, ചെരിപ്പ് തുടങ്ങിയവ വലിച്ചെറിഞ്ഞു. തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. പിടിയിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. നേതാക്കളായ റിങ്കു പടിപ്പുരയിൽ, എം. അരുൺരാജ്, ശ്രീലാൽ, യദുകൃഷ്ണ തുടങ്ങിയവരും പരിക്കേറ്റവരിൽപെടുന്നു. നേതാക്കളായ വി.പി.അബ്ദുൾ റഷീദ്, നബീൽ കല് ലമ്പലം, രാഹുൽ മാങ്കൂട്ടം, ശിൽപ, സ്‌നേഹ, സുബിൻ മാത്യു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ത് ആചരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് അറിയിച്ചു.