കാട്ടാക്കട: കാട്ടാക്കടയിൽ മീൻ കച്ചവടക്കാരും പബ്ലിക് മാർക്കറ്റിലെ കച്ചവടക്കാരും തമ്മിൽ തർക്കം. തർക്കം മൂത്തപ്പോൾ മീനുകൾ വാരിയെറിഞ്ഞു. ഒടുവിൽ നാട്ടുകാരും കാട്ടാക്കട പൊലീസും എത്തി രംഗം ശാന്തമാക്കി. ഇന്നലെ ഉച്ചയോടെ കാട്ടാക്കട ഡിപ്പോയ്ക്ക് മുന്നിലെ സ്വകാര്യ വിവാഹ മണ്ഡപത്തിന് മുന്നിലാണ് സംഭവം. മീനുകൾ അപ്രതീക്ഷിതമായി വാരിയെറിയുന്നതു കണ്ട് യാത്രാക്കാരും പരിഭ്രാന്തരായി.

ദിവസവും രാവിലെ കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിൽ മത്സ്യ വില്പന കഴിഞ്ഞാൽ ജംഗ്ഷനിലും പരിസരത്തും തിരക്കേറിയ വഴിയോരത്തും ഇവർ കച്ചവടം നടത്തും. ഇതോടെ ചന്തയിൽ മത്സ്യം ഇല്ലാത്തതിനാൽ ഉപഭോക്താക്കൾ മാർക്കറ്റിൽ കയാറാറില്ല. ഇത് മറ്റു ചെറുകിട കച്ചവടക്കാരെ ബാധിക്കുന്നുണ്ട്. മത്സ്യക്കച്ചവടക്കാർ വഴിവാണിഭം തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാരും ഇവരോടൊപ്പം റോഡിൽ കച്ചവടത്തിനെത്തും. ഇതോടെ ഗതാഗതകുരുക്കിനും അപകടങ്ങൾക്കും കാരണമാക്കും.നിരവധി തവണ വൈകിട്ട് വരെ ചന്തയ്ക്കുള്ളിൽ കച്ചവടം ചെയ്യണമെന്ന് മത്സ്യകച്ചവടക്കാരോട് അവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവർ ചെവിക്കൊള്ളാറില്ല. ഇതോടെയാണ് മാർക്കറ്റിൽ നിന്നും ഒരു സംഘം കച്ചവടക്കാർ എത്തി ഇവരോട് മാർക്കറ്റിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ഇതു കൂട്ടാക്കാതെ വന്നതോടെ വാക്ക് തർക്കവും ഒടുവിൽ മത്സ്യം എടുത്തെറിയുന്നത് വരെ കാര്യങ്ങൾ എത്തി. അതേ സമയം മാർക്കറ്റിനുള്ളിൽ ആവശ്യമായ സ്ഥല ലഭ്യത ഉണ്ടെന്നിരിക്കെ കാട്ടാക്കട ടൗണിൽ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള അനധികൃത മത്സ്യക്കച്ചവടം നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.