തിരുവനന്തപുരം: സിവിൽ സർവീസിനും പി.എസ്.സി പരീക്ഷകൾക്കും ഉൾപ്പെടെ പഠിക്കാനെത്തുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ വയറ്റത്തടിച്ച് കേരള സർവകലാശാല ലൈബ്രറി ഗ്രാഡ്വേറ്റ് മെമ്പർഷിപ്പ് ഫീസ് ഒറ്റ ദിവസം കൊണ്ട് കുത്തനെ ഉയർത്തി. നേരത്തെ 300 രൂപ ഡെപ്പോസിറ്റും 160 രൂപ റിന്യൂവെലിനുമായി അടയ്ക്കേണ്ടിടത്ത് ഇനി മുതൽ 2,000 രൂപ ഡെപ്പോസിറ്റും 1,050 രൂപ റിന്യൂവെലിനുമായി ഒടുക്കണം. സ്വകാര്യ ലൈബ്രറിയിൽ പോലും കേട്ടുകേൾവിയില്ലാത്ത നിരക്കാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാൻ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. മെമ്പർഷിപ്പ് ഡെസ്‌കിൽ പതിച്ചിരിക്കുന്ന പുതിയ നിരക്കിന്റെ ലിസ്റ്റിനെതിരെ പരാതി പറയാനെത്തിയ വിദ്യാർത്ഥികളോട് സെനറ്റിന്റെ തീരുമാനമാണിതെന്നാണ് ലൈബ്രറി അധികൃതർ നൽകുന്ന വിശദീകരണം. വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റുഡന്റ് മെമ്പർഷിപ്പ്, ബിരുദം പൂർത്തിയാക്കിയശേഷം മത്സരപരീക്ഷകൾക്കും ഗവേഷണങ്ങൾക്കും തയാറെടുക്കുന്നവർക്കായി ഗ്രാഡ്വേറ്റ് മെമ്പർഷിപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ലൈബ്രറിയിൽ നിന്ന് മെമ്പർഷിപ്പ് നൽകുന്നത്. ഇതിൽ സ്റ്റുഡന്റ് മെമ്പർഷിപ്പിനെക്കാൾ ഗ്രാഡ്വേറ്റ് മെമ്പർഷിപ്പിൽ അംഗത്വം നേടി പഠിക്കാനെത്തുന്നവരാണ് ലൈബ്രറി അധികമായും ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരത്തോളം നിർദ്ധനരായ വിദ്യാർത്ഥികളെ കഷ്ടത്തിലാക്കുന്നതാണ് പുതിയ സർക്കുലർ.
ഡെപ്പോസിറ്റ് - 300 - 2,000
റിന്യൂവെൽ -160 - 1050