തിരുവനന്തപുരം: വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങി നിയമസഭാ സാമാജികരും തലസ്ഥാന മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ എം.എൽ.എമാരുടെ ടീമിന് വിജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ആർ.രാജേഷ് എം.എൽ.എയുടെ വെടിക്കെട്ട് ബാറ്റിംഗാണ് നിയമസഭാ സമാജികരെ വിജയികളാക്കിയത്. രാജേഷ് പുറത്താകാതെ 25 പന്തിൽ നിന്നും 35 റൺ നേടി. രാജേഷാണ് കളിയിലെ കേമൻ.
പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് എം.എൽ.എമാർ കളത്തിലിറങ്ങിയത്. യു.പ്രതിഭയായിരുന്നു ടീമിലെ വനിത. ടോസ് നേടിയ മാർഷൽ വി.സെബാസ്റ്റ്യൻ ക്യാപ്റ്റനായ മാദ്ധ്യമപ്രവർത്തരുടെ ടീം നിശ്ചിത പത്തോവറിൽ 66 റൺ നേടി. എം.എൽ.എ ടീമിനുവേളി കളിക്കാനെത്തിയ യോഗി (സ്പോർട്സ് കൗൺസിൽ) നാലു വിക്കറ്റും ആർ.രാജേഷ് എം.എൽ.എയുടെ സ്റ്രാഫ് സഞ്ജീവ് മൂന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ എം.എൽ.എമാർക്കു വേണ്ടി ഐ.ബി.സതീഷ് മികച്ച തുടക്കം നൽകി.സമ്മാനങ്ങൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിതരണം ചെയ്തു. രണ്ട് ക്യാച്ചുകൾ നേടിയ എൽദോ എബ്രഹാം മികച്ച ഫീൽഡർക്കുള്ള സമ്മാനം സ്വന്തമാക്കി. ചടങ്ങിന് യൂണിയൻ സെക്രട്ടറി ആർ. കിരൺബാബു സ്വാഗതം ആശംസിച്ചു.