തിരുവനന്തപുരം: സ്വകാര്യവത്കരിക്കുന്നെന്ന ആശങ്കകൾക്കിടെ, അന്താരാഷ്ട്ര വിമാനത്താവളത്തിൽ 600 കോടിയുടെ വികസനപദ്ധതികൾക്കായി 72 പേരിൽ നിന്നായി 18 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. 2,92,50,503 രൂപയുടെ പുനരധിവാസ പാക്കേജും തയ്യാറാക്കി. കുടിയൊഴിപ്പിക്കപ്പെടുന്ന അറുപത് കുടുംബങ്ങൾക്ക് കെട്ടിട യൂണിറ്റുകൾക്ക് മൂന്ന് ലക്ഷവും ഉപജീവനബത്തയായി അറുപതിനായിരവും കുടിയൊഴിപ്പിക്കുന്നവർക്ക് ഗതാഗത ചെലവായി അമ്പതിനായിരവും മൂന്നുപേർക്ക് കാലിത്തൊഴുത്തിനും ചെറുപീടികയ്ക്കും യഥാക്രമം കാൽലക്ഷം, അരലക്ഷം വീതം ലഭിക്കും. അറുപത് പേർക്ക് ഒറ്റത്തവണ പുനഃസ്ഥാപന അലവൻസായി അരലക്ഷം നൽകും. 9 വാടകക്കാർക്കുള്ള ഷിഫ്‌റ്റിംഗ് ചാർജായി മുപ്പതിനായിരം നൽകും. പുറമ്പോക്കിൽ താമസിക്കുന്നവർക്കും കച്ചവടം ചെയ്യുന്നവർക്കുമുള്ള പാക്കേജായി കെട്ടിടവിലയും മുപ്പതിനായിരം രൂപയും രണ്ടുപേർക്ക് നൽകും. ഇതിനായി 10.30 ലക്ഷം വകയിരുത്തി.

ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങാനാവുമെന്നാണ് ജില്ലാഭരണ കൂടത്തിന്റെ പ്രതീക്ഷ. ഭൂമിയേറ്റെടുപ്പിന് മുൻപുള്ള സാമൂഹ്യാഘാതപഠനം ലയോളാ കോളേജ് പൂർത്തിയാക്കിയിട്ടുണ്ട്.
പത്തുവർഷത്തോളം മുൻപ് പദ്ധതി തയ്യാറാക്കുകയും നാലുവർഷം മുൻപ് വിജ്ഞാപനമിറക്കുകയും ചെയ്തെങ്കിലും അനിശ്ചിതമായി തടസപ്പെട്ടുകിടന്ന സ്ഥലമെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ് അതിവേഗത്തിലായത്. സ്ഥലമേറ്റെടുത്ത് കൈമാറിയാലുടൻ 600 കോടിയുടെ വികസനത്തിന് എയർപോർട്ട് അതോറിട്ടി അനുമതി നൽകുമെന്ന് റീജിയണൽ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീകുമാർ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. മാസങ്ങൾക്കുള്ളിൽ സ്ഥലം കൈമാറിയിരിക്കുമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പുനൽകി. തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ ജില്ലാകളക്ടർക്ക് കർശന നിർദ്ദേശം നൽകി.
വിമാനത്താവളം ലോകനിലവാരത്തിലാക്കാനുള്ള പദ്ധതിക്കായി 350 കോടി രൂപ എയർപോർട്ട് അതോറിട്ടി റിസർവ് ഫണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലവിലുള്ളതിന്റെ രണ്ടിരട്ടി യാത്രക്കാർക്ക് അതിവേഗത്തിൽ സേവനം നൽകാൻ ടൂ-ലെവൽ ഡിസൈനാണ് അതോറിട്ടി തയ്യാറാക്കിയിട്ടുള്ളത്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതിനാൽ വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാവുന്ന ഗുരുതരമായ സ്ഥിതിയുണ്ട്. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150 മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. 628 ഏക്കർ സ്ഥലം മാത്രമാണ് വിമാനത്താവളത്തിന് കൈവശമുള്ളത്. റൺവേയുടെ പലഭാഗത്തും 20 മീറ്റർ വരെ കുറവുണ്ട്. ആൾ സെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. എല്ലാവർഷവും പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടി ചോദിക്കുകയാണ് ചെയ്യുന്നത്. 13 ഏക്കർ ഏറ്റെടുത്താലേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ്പ് സജ്ജമാക്കാനാവൂ.

എയർപോർട്ട് ഇങ്ങനെ മാറും

നിലവിലെ 33,300 ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം ചാക്ക ഭാഗത്തേക്ക് 55,000 ചതുരശ്രഅടി കൂട്ടിച്ചേർക്കും.
കൂടുതൽ ചെക്ക്-ഇൻ കൗണ്ടറുകൾ, ഏപ്രൺ, എസ്‌കലേറ്ററുകൾ, അത്യാധുനിക ബാഗേജ് ഹാൻഡ്‌ലിംഗ് സംവിധാനം.
കൂടുതൽ വിമാനക്കമ്പനികളുടെ സർവീസ് തുടങ്ങാനായി റൺവേക്ക് ദൂരെയായി 6 റിമോട്ട് പാർക്കിംഗ് ബേകൾ നിർമ്മിക്കും.
ചാക്കയിൽ 80 കോടി ചെലവിൽ എയർട്രാഫിക് കൺട്രോൾ, ഏരിയാ കൺട്രോൾ ടവറുകൾ നവീകരിക്കും.
50 കൊല്ലം പഴക്കമുള്ള ടവർ അപ്പാടെ പുതുക്കും. ആറുവർഷം മുൻപ് സ്ഥാപിച്ച റഡാർ നവീകരിക്കും