നെടുമങ്ങാട് : ഒരു സർക്കാർ സ്കൂളിന് എത്രത്തോളം മാറാൻ പറ്റും?എന്ന് ചോദിക്കുന്ന അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള ചുട്ടമറുപടിയാണ് നഗരസഭയിലെ കരിപ്പൂര് ഗവണ്മെന്റ് ഹൈസ്‌കൂൾ.
സാങ്കേതികവിദ്യ എങ്ങനെ പഠന മികവിന് പ്രയോജനപ്പെടുത്താം എന്ന് പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ് ഈ സർക്കാർ സ്കൂൾ.
സ്‌കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന വിദ്യാലയങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അവാർഡിന് തലസ്ഥാന ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളാണിത്. ഹൈസ്‌കൂൾ വിഭാഗം ക്ലാസ് മുറികൾ പൂർണമായും ഇപ്പോൾ ഹൈടെക് ആണ്. ഏഴു വർഷമായി നെടുമങ്ങാട് ഉപജില്ലാ ഐ.ടി മേളയിൽ ഓവറാൾ ചമ്പ്യന്മാരാണ് ഈ സ്‌കൂളിലെ മിടുക്കർ. ഭൂരിപക്ഷം വിദ്യാർത്ഥികളും
നിർദ്ധന- പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്നവരാണ്. സർഗ പ്രതിഭകൾ ഏറെയുള്ള വിദ്യാലയത്തിൽ, അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനും പഠന പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനും 2007 ൽ തുടക്കം കുറിച്ച ഐ.ടി @ സ്‌കൂൾ പദ്ധതിയാണ് നാട്ടിൻപുറത്തെ വിദ്യാലയത്തെ ഹൈടെക് പദവിയിലെത്തിച്ചത്.പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ''ലിറ്റിൽ കൈറ്റ്സ്'' യൂണിറ്റിന്റെ പ്രവർത്തനത്തിന് കൈറ്റ്സിന്റെ (കേരള ഇൻഫ്രസ്ട്രെക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) എണ്ണമറ്റ അംഗീകാരങ്ങളും ഈ സ്കൂളിനെത്തേടിയെത്തി.