ആറ്റിങ്ങൽ: തകർന്ന് കിടന്ന റോഡുകൾ വ്യാപാരികളുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കി. വ്യാപാരി വ്യവസായി സമിതി ആറ്റിങ്ങൽ യൂണിറ്റാണ് റോഡിൽ പുനരുദ്ധാരണം നടത്തിയത്.
നഗരസഭയ്ക്ക് എതിർവശമുള്ള ദേശീയപാതയിൽ നിന്നും പാലസ് റോഡിലേക്കുള്ള സലഫി മസ്ജിദ് റോഡ് ഏറെക്കാലമായി തകർന്ന് കിടക്കുകയാണ്. ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മഴക്കാലം കഴിയാതെ പണി ആരംഭിക്കാനാകില്ലെന്ന നിലപാടിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി നഗരസഭ ചെയർമാന്റെ അനുമതിയോടെ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.
തുടർന്നും നഗരപരിധിയിൽ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതുൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി സി. ചന്ദ്രബോസ്, എൽ.എൽ. ഹുസൈൻ, ദിലീപ്, ബെന്നി മജസ്റ്റിക്, ഭുവനചന്ദ്രൻ, ബിനു കളേഴ്‌സ്, നസീർ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.