maranalloor

മലയിൻകീഴ്: മാറനല്ലൂർ മണ്ണടിക്കോണത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. അറസ്റ്റിലായ പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത എസ്.ഐ സന്തോഷ്‌കുമാറിനെതിരെ നടപടിയെടുക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. മൂലക്കോണത്ത് നിന്ന് രാവിലെ 11 ന് ആരംഭിച്ച മാർച്ച് മാറനല്ലൂർ- പുന്നാവൂർ റോഡിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് ധർണ നടത്തി. എം.വിൻസന്റ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ കൊലക്കളങ്ങളായി മാറുമ്പോൾ എഫ്.ഐ.ആറിൽ പഴുതുകളുണ്ടാക്കി നിയമ വാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡന്റ് നക്കോട് അരുൺ, ആർ.വി.രാജേഷ്, എം.മഹേന്ദ്രൻ, വണ്ടന്നൂർ സന്തോഷ്, മൂങ്ങോട് മോഹനൻ, വണ്ടന്നൂർ സദാശിവൻ, കരിങ്ങൽ രാജശേഖരൻനായർ, എസ്. ശശിധരൻനായർ എന്നിവർ സംസാരിച്ചു. വീടാക്രമണ കേസിലെ പ്രതികളെ എല്ലാം ഉടൻ അറസ്റ്റ് ചെയ്യുമെന്നും കേസ് പുനഃപരിശോധിക്കുമെന്നും നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട്കീലർ നൽകിയ ഉറപ്പിനെ തുടർന്ന് ഉച്ചയോടെ പ്രവർത്തകർ ധർണ അവസാനിപ്പിച്ചു.