ചിറയിൻകീഴ്: വരുമാനത്തിൽ മുന്നിലാണെങ്കിലും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനോട് റെയിൽവേ അധികൃതരുടെ അവഗണനയ്‌ക്ക് മാറ്റമില്ല. സ്റ്റേഷൻ നവീകരണത്തോടും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തോടും അധികൃതർ ഇതുവരെയും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. ഒരുപിടി ആവശ്യങ്ങൾ റെയിൽവേയുടെ കനിവ് കാത്തുകിടക്കുമ്പോഴും അധികൃതരുടെ അവഗണന യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. പാസഞ്ചേഴ്സ് അസോസിയേഷന്റെ നിവേദനം അടൂർ പ്രകാശ് എം.പി റെയിൽവേ മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്. വാർഷിക വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിലാണെങ്കിലും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വികസനം നടപ്പാക്കുന്നില്ലെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ പരാതി.
പ്രതിദിനം - 1000ലധികം യാത്രക്കാർ
വാർഷിക വരുമാനം - 1.5 കോടി
ഇവിടെ സ്റ്റോപ്പില്ല യാത്രക്കാരേ...
-----------------------------------------------------
പരശുറാം, ഇന്റർസിറ്റി, ഏറനാട്, ശബരി എക്‌സ്‌പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റെയിൽവേയുടെ ഡി.ആർ.യു.സി.സി മീറ്റിംഗിൽ പരശുറാം, ശബരി എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമെടുക്കുകയും ഡി.ആർ.എം മുഖേന റെയിൽവേ ജനറൽ മാനേജർക്ക് റിപ്പോർട്ട് നൽകിയതുമാണ്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടിയുണ്ടായില്ല.