മുംബയ് : സെലക്ടർമാരുടെ പിടിവാശിയിൽ തന്റെ ലോകകപ്പ് സ്വപ്നങ്ങൾ ചവിട്ടിയരയ്ക്കപ്പെടുന്നതിൽ മനം നൊന്ത് ഇന്ത്യൻ മദ്ധ്യനിര ബാറ്റ്‌സ്‌മാൻ അമ്പാട്ടി റായ്ഡു ക്രിക്കറ്റിൽ നിന്നു തന്നെ അപ്രതീക്ഷിതമായി വിരമിച്ചു.
മാസങ്ങൾക്കു മുമ്പ് ലോകകപ്പിലെ ഇന്ത്യൻ നാലാം നമ്പർ ബാറ്റ്സ്‌മാൻ എന്ന് നായകൻ വിരാട് കൊഹ്‌ലി പരസ്യമായി വിശേഷിപ്പിച്ചിരുന്ന അമ്പാട്ടി റായ്ഡു പകരക്കാരനായിപ്പോലും തന്നെ പരിഗണിക്കില്ലെന്ന് ഉറപ്പായതോടെയാണ് മനം മടുത്ത് കളി തന്നെ മതിയാക്കിയത്. ലോകകപ്പ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ വിനയാണ് ഈ 33 കാരൻ അനുഭവിച്ചതെന്നാണ് വിലയിരുത്തൽ.
അമ്പാട്ടിയെ അടിച്ചൊതുക്കിയ വിധം
ഏറെ ചർച്ചയായ ബാറ്റിംഗ് ഓർഡിലെ നാലാം നമ്പർ പൊസിഷനിൽ ഏറ്റവും സാദ്ധ്യത കൽപ്പിച്ചിരുന്നത് അമ്പാട്ടിക്കായിരുന്നു. ക്യാപ്ടൻ കൊഹ്‌ലിയുടെയും കോച്ചിന്റെയും പിന്തുണയുമുണ്ടായിരുന്നു.
എന്നാൽ 15 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ അമ്പാട്ടി ആട്ടിയിറക്കി. പകരമെത്തിയ വിജയ് ശങ്കർ 'ത്രീ ഡയമൻഷണൽ' ക്വാളിറ്റിയുള്ള താരമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ വിശദീകരണം. അമ്പാട്ടിയെയും ഋഷഭ് പന്തിനെയും റിസർവ് ലിസ്റ്റിൽ പെടുത്തി.
ഇതിനെ കളിയാക്കി ''ലോകകപ്പ് കാണാനായി ത്രീഡി കണ്ണടകൾക്ക് ഓർഡർ നൽകി''യെന്ന അമ്പാട്ടിയുടെ ട്വീറ്റ് വൈറലായി.
ട്വീറ്റിനെതിരെ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അമ്പാട്ടിക്കുള്ള പണി സെലക്ടർമാർ കരുതിവച്ചിട്ടുണ്ടായിരുന്നു.
ധവാന് പരിക്കേൽക്കുകയും കെ.എൽ. രാഹുൽ ഓപ്പണറാവുകയും ചെയ്തപ്പോൾ നാലാം നമ്പരിലെ സ്വാഭാവിക പകരക്കാരനായിരുന്ന അമ്പാട്ടിക്ക് പകരം അവസരം ലഭിച്ചത് ഋഷഭ് പന്തിന്.
വിജയ് ശങ്കറിന് പരിക്കേറ്റപ്പോഴും അമ്പാട്ടിയെ പരിഗണിച്ചില്ല. ഇന്ത്യൻ കുപ്പായത്തിൽ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത മയാങ്ക് അഗർവാളിനെയാണ് ഇംഗ്ളണ്ടിലേക്ക് വിളിച്ചത്.
ഇതോടെയാണ് അമ്പാട്ടി റായ്ഡു കളി മതിയാക്കാൻ തീരുമാനിച്ചത്.
55 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ അമ്പാട്ടി 47.5 ശരാശരിയിൽ 1694 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളും നേടി. ആറ് രാജ്യാന്തര ട്വന്റി - 20 കളിൽ നിന്ന് 42 റൺസ് നേടി.
ഏകദിന ട്വന്റി - 20 ഫോർമാറ്റുകളിൽ ശ്രദ്ധിക്കാനായി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ നിന്ന് നേരത്തേ വിരമിച്ച താരമാണ് അമ്പാട്ടി.
ഈ സെലക്ടർമാർ അഞ്ചുപേരും ആകെ നേടിയ റൺസിനെക്കാൾ കൂടുതൽ നേടിയിട്ടുള്ള താരമാണ് അമ്പാട്ടി റായ്ഡു. അമ്പാട്ടിക്ക് ഇങ്ങനെ കളിയവസാനിപ്പിക്കേണ്ടി വന്നതിൽ സങ്കടമുണ്ട്. ഋഷഭിനും മായാങ്കിനും അവസരം നൽകിയ സെലക്ടർമാർ അമ്പാട്ടിയോട് കാണിച്ചത് അനീതിയാണ്. ഇന്ത്യൻ ക്രിക്കറ്റിന് തന്നെ സങ്കടകരമായ നിമിഷമാണിത്.
ഗൗതം ഗംഭീർ എം.പി
മുൻ ഇന്ത്യൻ ക്രിക്കറ്റർ
അമ്പാട്ടിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവർ എത്തിയിട്ടുണ്ട്.
ആന്ധ്ര ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി 2013 ലാണ് ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം നടത്തുന്നത്. ഈ മാർച്ചിൽ ആസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു അവസാന ഏകദിനം.
അമ്പാട്ടി, ഐസ്‌ലാൻഡ് വിളിക്കുന്നു
പകരക്കാരനായിപ്പോലും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന അമ്പാട്ടിയെ കഴിഞ്ഞ ദിവസം ഐസ്‌ലാൻഡിൽ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിലൂടെ ട്രോളിയിരുന്നു. ഐസ്‌ലാൻഡിൽ പൗരത്വമെടുക്കാനുള്ള അപേക്ഷ അയച്ചുകൊടുത്ത ശേഷം ത്രീഡി ഗ്ളാസ് മാറ്റി. സാധാരണ ഗ്ളാസ്കൊണ്ട് ഇത് വായിക്കൂ എന്നായിരുന്നു ട്രോൾ.