cbi-raid

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുകളിലെ മൂന്ന് പ്രതികളുടെ വീടുകളിൽ സി.ബി.ഐ ഇന്നലെ റെയ്ഡ്. നടത്തി.

വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്‌ണൻ, തിരുമല ശ്രീമന്ത്ര ഗാർഡൻസിൽ വിഷ്‌ണു സോമസുന്ദരൻ, കഴക്കൂട്ടം സ്വദേശി ബിജു മോഹനൻ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. കാര്യമായൊന്നും കണ്ടെടുക്കാനായില്ല. വിഷ്‌ണുവിന്റെ വീട്ടിൽ നിന്ന് 20 കുപ്പി മുന്തിയ വിദേശമദ്യം പിടിച്ചു. 11 ലക്ഷം രൂപ വരെ വിലയുള്ള കുപ്പികൾ ഇക്കൂട്ടത്തിലുണ്ട്. ഇത് സി.ബി.ഐ എക്സൈസിന് കൈമാറി. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് എക്സൈസ് കേസെടുത്തു. കൊച്ചിയിലെ സി.ബി.ഐ ആന്റി കറപ്ഷൻ ബ്യൂറോ സൂപ്രണ്ട് പി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഒരേസമയത്തായിരുന്നു റെയ്ഡ്.

കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്‌ണനെ ഒന്നാം പ്രതിയാക്കി നേരത്തേ സി.ബി.ഐ കേസെടുത്തിരുന്നു. ഏപ്രിൽ 27 മുതൽ മേയ് 13വരെയുള്ള സമയത്ത് പ്രതികളെല്ലാം ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുമല സ്വദേശി സുനിൽകുമാർ, ആലുവയിലെ സെറീന ഷാജി, തിരുമല ശ്രീമന്ത്ര ഗാർഡൻസിൽ വിഷ്‌ണു സോമസുന്ദരൻ, കഴക്കൂട്ടം സ്വദേശി ബിജു മോഹനൻ, ഭാര്യ വിനീതാ രത്നകുമാരി, കിഴക്കേകോട്ടയിലെ പി.പി.എം ജുവലറിയുടമ മലപ്പുറം പി.പി.അബ്ദുൾ ഹക്കിം, അക്കൗണ്ടന്റ് പി.കെ.റാഷിദ്, പാങ്ങോട് സ്വദേശി പ്രകാശൻ തമ്പി എന്നിവരാണ് രണ്ട് മുതൽ ഒമ്പതുവരെ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, പൊതുസേവകരുടെ ക്രിമിനൽ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.

ദുബായിൽ നിന്നും മസ്കറ്റിൽ നിന്നുമുള്ള വിമാനങ്ങളിൽ സ്വർണക്കടത്തിന് പിടിയിലായവർ എത്തുന്ന ദിവസങ്ങളിൽ സൂപ്രണ്ട് രാധാകൃഷ്‌ണൻ ലഗേജ് എക്സ്‌റേ ഡ്യൂട്ടി ചെയ്യാൻ പ്രത്യേക താത്പര്യം കാട്ടിയിരുന്നതായാണ് സഹപ്രവർത്തകരുടെ മൊഴി. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നു.