world-cup-india
world cup india

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബംഗ്ളാദേശിനെ 28 റൺസിന് കീഴടക്കി ഇന്ത്യ ലോകകപ്പിന്റെ സെമിയിലെത്തിയെങ്കിലും ആശകളേക്കാളേറെ ആശങ്കകളാണ് ഈ മത്സരം നൽകിയത്. ലോഡ്‌ഡിൽ ലോകകപ്പുയർത്താൻ ഇനി ഇന്ത്യയ്ക്ക് രണ്ട് വിജയങ്ങൾ മാത്രം മതി. പക്ഷേ വിരാട് കൊഹ്‌ലിക്കും സംഘത്തിനും അതിനുള്ള ശേഷി എത്രത്തോളമുണ്ടെന്നുള്ളത് ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ.

1. ഓപ്പണിംഗ്

ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിയുമായി രോഹിത് ശർമ്മ മിന്നുന്ന ഫോമിൽ. ശിഖർ ധവാന്റെ അഭാവം നിഴലിക്കുന്നില്ലെന്ന് പറയാനാവില്ല. കാരണം സ്വന്തം ഇന്നിംഗ്സ് എങ്ങനെയെങ്കിലും കരുപ്പിടിപ്പിക്കുന്നതിലുപരിയായി ടീമിന്റെ റൺറേറ്റ് ഉയർത്തുന്നതിൽ കെ.എൽ. രാഹുൽ മികവ് കാട്ടുന്നില്ല. ഇംഗ്ളണ്ടിനെതിരെ തോൽക്കാൻ പ്രധാന കാരണം ഓപ്പണിംഗിന്റെ വേഗതക്കുറവായിരുന്നു.

കൊഹ്‌ലിക്കരുത്ത്

ഇന്ത്യൻ നിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്‌മാൻ വിരാട് കൊഹ്‌ലിയാണ്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും കൊഹ്‌ലി തന്റെ മേലുള്ള വിശ്വാസം കാത്തു. അഞ്ച് അർദ്ധ സെഞ്ച്വറികളാണ് കൊഹ‌്ലി ഇതുവരെ നേടിയത്. എന്നാൽ ഇതുവരെ സെഞ്ച്വറിയിലെത്താൻ ഇന്ത്യൻ നായകന് കഴിഞ്ഞിട്ടില്ല. കൊഹ്‌ലി നങ്കൂരമിടുന്ന ഒരിന്നിംഗ്സിന് വിജയം ഉറപ്പിക്കാനാകും.

മദ്ധ്യനിരയിലെ മെല്ലപ്പോക്ക്

ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് എങ്ങനെയാണ് ചേസിംഗ് നടത്തുന്നതെന്ന് കണ്ട് പഠിക്കാൻ ഒരുപാടുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് അതേ വേദിയിൽ ഇംഗ്ളണ്ടിനെതിരെ ചേസിംഗ് നടത്തിയ ഇന്ത്യയുടെ സമീപനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ബംഗ്ളാദേശിന്റേത്. അവസാന ഓവറുകളിൽ സിംഗിളുകൾ നേടുന്നതിലുപരി വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല.

പുതുമുഖങ്ങൾ

ഋഷഭ് പന്തിന് രണ്ട് അവസരങ്ങൾ ലഭിച്ചു. രണ്ടും മോശമാക്കിയെന്ന് പറയാനാവില്ല. എന്നാൽ അത്ര മനോഹരവുമായിരുന്നില്ല. നിരുത്തരവാദപരമായി ഔട്ടായ രീതിയാണ് പന്തിന് വിനയാകുന്നത്. ക്രീസിൽ ഉറച്ചു നിന്ന് വലിയ സ്കോറുകൾ ഉയർത്താൻ നാലാം നമ്പർ പൊസിഷൻ പന്തിന് വലിയ സ്വാതന്ത്ര്യം നൽകുന്നുണ്ട്. കാർത്തികിന് 15 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ആദ്യ അവസരത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാനായില്ല.

ഫീൽഡിംഗ് പിഴവുകൾ

കഴിഞ്ഞ മത്സരത്തിൽ ജഡേജ ഫീൽഡിംഗ് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങാത്തതിന്റെ കുറവുകൾ വ്യക്തമായിരുന്നു. പരിക്ക് ഭയന്നാകാം വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും കെ.എൽ. രാഹുലും ഫുൾ ലെംഗ്ത് ഡൈവുകൾക്ക് മുതിരുന്നേയില്ല. ഋഷഭിന്റെ ത്രോയിലും ആർജവം വരേണ്ടതുണ്ട്.

നാല് പേസർമാർ

ഹാർദിക് ഉൾപ്പെടെ നാല് പേസർമാരെ നിയോഗിക്കാനുള്ള ഇന്ത്യയുടെ തന്ത്രം പാളിപ്പോയില്ല. ബുംറയും ഭുവനേശ്വറും റൺസ് വിട്ടുകൊടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ ഷമി ബംഗ്ളാദേശിൽ നിന്ന് നന്നായി തല്ലുകൊണ്ടു. ഹാർദിക്കിന് ബാറ്റിംഗിൽ തിളങ്ങാൻ കഴിയാത്തത് ബൗളിംഗിൽ സാധിക്കുന്നുണ്ട്. ഷാക്കിബ് ഉൾപ്പെടെ മൂന്ന് ബംഗ്ളാദേശി വിക്കറ്റുകൾ പിഴുതെടുത്ത ഹാർദിക് പാണ്ഡ്യയാണ് ബർമ്മിംഗ്ഹാമിൽ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

വെല്ലുവിളികൾ

സെമിയിലേക്ക് എത്തുമ്പോൾ മത്സരത്തിൽ സമ്പൂർണമായ ആധിപത്യം പുലർത്താൻ കഴിയേണ്ടത് ആവശ്യമാണ്. അഫ്ഗാൻ, ബംഗ്ളാദേശ് എന്നിവർക്കെതിരെ ഇന്ത്യ വിജയം നേടിയത് പലയിടത്തും വിറച്ചാണ്. സെമി മുതൽ ആ സമീപനം മതിയാവില്ല.

# ഇന്ത്യയുടെ അടുത്ത മത്സരം ശനിയാഴ്ച ശ്രീലങ്കയുമായി

# സെമി ഫൈനലുകൾ ജൂലായ് 9, 11 തീയതികളിൽ

സെമിയിലെ എതിരാളി ആരാകും?

# ഇന്ത്യ ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

# അടുത്ത മത്സരത്തിൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോൽക്കുകയും ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ ഒന്നാമതെത്തും.

# ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് സെമി

# രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടും.

ധോണി ഈ ലോകകപ്പോടെ വിരമിക്കുമെന്ന സൂചനകൾ ശക്തമായി. ധോണിയുടെ ബാറ്റിംഗിനെപ്പറ്റി വ്യാപക വിമർശനമുയർന്നതോടെയാണിത്.