01

ശ്രീകാര്യം: പ്രധാന വീഥികളിലും ജനവാസമേഖലകളിലും രാത്രിയിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നവരെ റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ച സ്ക്വാഡിലെ അംഗങ്ങൾ പിടികൂടി.

സർക്കാർ ജീവനക്കാരായ ദമ്പതികളാണ് നാട്ടുകാർ രൂപീകരിച്ച സ്‌ക്വഡിന്റെ തെരച്ചിലിൽ കുടുങ്ങിയത്. അസോസിയേഷൻ തെളിവുസഹിതം പൊലീസിലും ഹെൽത്ത് വിഭാഗത്തിലും പരാതിനല്കിയതിനെ തുടർന്ന് വെഞ്ചാവോട് കോണത്തുവീട്ടിൽ സജിതയ്ക്കെതിരെ നഗരസഭാ ഹെൽത്ത് വിഭാഗം നടപടിയെടുക്കുകയായിരുന്നു. നഗരസഭാ ഹെൽത്ത് വിഭാഗം ഇവർക്ക് നോട്ടീസ് നൽകി 10000 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. മാലിന്യ നിക്ഷേപം രൂക്ഷമായതിനെത്തുടർന്ന് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നായിരുന്നു റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വഡ് രൂപീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കിയത്. വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവർ ഇവർക്ക് പലതവണ താക്കിത് നൽകിയിരുന്നതായും അതിന്റെ പേരിൽ അസോസിയേഷൻ ഭാരവാഹികളെയും ആരോഗ്യവിഭാഗം ജീവനക്കാരെയും ഇവർ ഭീഷണപ്പെടുത്തിയിരുന്നതായും ചെക്കാലമുക്ക് -വെഞ്ചാവൊട് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.രാമചന്ദ്രൻ പറഞ്ഞു.