തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഗാലറിയിലിരുന്ന് കാണാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ ഇന്ന് പുലർച്ചെ 12 മുതൽ തുടങ്ങി. എസ്.ഡി.എസ്.സി.എസ്.എച്ച്.എ.ആറിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലുള്ള ലിങ്കിൽ പ്രവേശിച്ച് ഇമെയിൽ വിലാസവും ഫോൺ നമ്പരും നൽകണം. പിന്നീട് അതിലേക്ക് വരുന്ന ലിങ്കും പാസ്‌വേ‌‌ർഡും ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഗ്രൂപ്പായിട്ടാണെങ്കിൽ ആളുകളുടെ എണ്ണം, വാഹനം തുടങ്ങിയ വിവരങ്ങൾ നൽകണം. 15 ന് പുലർച്ചെ 2.51 നാണ് വിക്ഷേപണം. ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണറോക്കറ്റായ ജി.എസ്. എൽ.വി മാർക്ക് ത്രീയിൽ കുതിക്കുന്ന ചന്ദ്രയാൻ 2 സെപ്തംബർ 6 ന് ചന്ദ്രനിലെത്തും. വിക്രം റോവർ, പ്രജ്ഞാൻ ലാൻഡർ എന്നിവയിൽ ബാറ്ററികൾ പിടിപ്പിക്കുന്ന ജോലിയാണിപ്പോൾ നടക്കുന്നത്. റോവർ പിന്നീട് ലാൻഡറിനോട് ചേർത്ത് ടെസ്റ്റ് നടത്തും. ഇലക്ട്രിക് ബന്ധങ്ങളുടെ പരിശോധനയും വരും ദിവസങ്ങളിൽ നടക്കും.