അർജന്റീനയെ തോൽപ്പിച്ച് ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ
രാജ്യത്തിനായി ഒരു കിരീടം നേടിക്കൊടുക്കാനുള്ള മെസിയുടെ കാത്തിരിപ്പ് നീളുന്നു
2-0
ബെലെ ഹൊ റിസോണ്ടോ : 'മെസിഹാ'യുടെ കിരീട സ്വപ്നങ്ങൾക്ക് മേൽ 'ജീസസ്' അവതരിച്ചപ്പോൾ കോപ്പ അവമരിേ ഫുട്ബാൾ ടൂർണമെന്റിൽ നിന്ന് അർജന്റീന ഫൈനൽ കാണാതെ പുറത്ത്. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ മെസി നയിച്ച അർജന്റീനയെ കീഴടക്കിയത്. 19-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസും 71-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയുമാണ് ബ്രസീലിന് വേണ്ടി സ്കോർ ചെയ്തത് . ഫിർമിനോയുടെ ഗോളിന് വഴിയൊരുക്കിയതും ജീസസായിരുന്നു.
ഗോളുകൾ ഇങ്ങനെ
1
19-ാം മിനിട്ട് ഗബ്രിയേൽ ജീസസ്
നായകൻ ഡാനി ആൽപ്സിന്റെ തകർപ്പനൊരു മുന്നേറ്റത്തിൽ നിന്നായിരുന്നു സെമിയിലെ ആദ്യ ഗോളിന്റെ പിറവി. പന്തുമായി മുന്നേറിയ ആൽപ്‌സ് രണ്ട് എതിരാളികളുടെ പ്രതിരോധം മനോഹരമായി മറികടന്ന് ഫിർമിനോയ്ക്ക് നൽകി. ഫിർമിനോയിൽ നിന്ന് മറ്റൊരു സുന്ദരമായ ക്രോസ് ജീസസിന്. അർജന്റീനാ നിര ആകെ ആ കൗണ്ടർ അറ്റാക്കിൽ അമ്പരന്നു നിൽക്കെ ജീസസ് സ്കോർ ബോർഡ് തുറന്നു.
71-ാം മിനിട്ട്
റോബർട്ടോ ഫിർമിനോ
ഗബ്രിയേൽ ജീസസിന്റെ ഒരു അസാധാരണ കുതിപ്പാണ് മത്സരത്തിൽ ബ്രസീലിന്റെ ആധിപത്യം ഉറപ്പിച്ച രണ്ടാം ഗോളിന്റെ പിറവിക്ക് നിദാനമായത്. ഒറ്റയ്ക്ക് പന്തുായി ഓടിക്കയറി വന്ന ഗബ്രിയേൽ ജീസസ് ബോക്സിന് മുന്നിൽ വച്ച് നൽകിയ ക്രോസിൽ കാലൊന്നു വയ്ക്കേണ്ട ചുമതലയേ ഫിർമിനോയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
ഫൈനൽ ഞായറാഴ്ച
ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം ഒന്നരയ്ക്കാണ് ഇത്തവണ കോപ്പയുടെ ഫൈനൽ. നിലവിലെ ചാമ്പ്യൻമാരാുയ ചിലിയും പെറുവും തമ്മിൽ ഇന്ന് രാവിലെ ആറിന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലിൽ ബ്രസീലിന് നേരിടേണ്ടത്.
ഇല്ല, മെസി മതിയാക്കുന്നില്ല
ഈ കോപ്പയിലും കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും മെസി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുവാൻ തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. 2014 ലെ ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം മെസി വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ആരാധകരുടെ അഭ്യർത്ഥന പരിഗണിച്ച് തിരിച്ചെത്തുകയായിരുന്നു.
32 കാരനായ മെസിക്ക് സ്വന്തം നാട്ടിലും കൊളംബിയയിലുമായി അടുത്ത വർഷം നടക്കുന്ന കോപ്പയിൽ കളിക്കണമെന്നുണ്ട്. 2022ലെ ഖത്തർ ലോകകപ്പിലും കളിക്കാൻ മെസി ആഗ്രഹിക്കുന്നു.
അർജന്റീനയുടെ നഷ്ടങ്ങൾ
മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ ലീഡ് നേടിയെങ്കിലും അർജന്റീനയ്ക്ക് തിരിച്ചുവരാൻ അവസരമുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം വിലങ്ങുതടിയായി. മെസിയുടെയും അഗ്യൂറോയുടെയും ഗോളെന്നുറപ്പിച്ച രണ്ട് ശ്രമങ്ങളാണ് പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചത്.
അതിനിടെ അഗ്യൂറോയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിളിക്കാതിരുന്നതും അർജന്റീനയ്ക്ക് തിരിച്ചടിയായി.
''റഫറിയുടെ പക്ഷപാതപരമായ നിലപാടുകളാണ് ഞങ്ങൾ തോൽക്കാൻ കാരണം. ബ്രസീൽ രണ്ട് ഗോളടിച്ചുവെന്നത് ശരിതന്നെ. പക്ഷേ ഒട്ടും മോശമായല്ല ഞങ്ങൾ കളിച്ചത്.
ലയണൽ മെസി
# സ്വന്തം നാട്ടിൽ അർജന്റീനയോട് തോറ്റിട്ടില്ലെന്ന റെക്കാഡ് ബ്രസീൽ ഇക്കുറിയും കാത്തു സൂക്ഷിച്ചു.
# കഴിഞ്ഞ അഞ്ച് തവണയും നോക്കൗട്ട് മത്സരങ്ങളിൽ എതിരിട്ടപ്പോൾ അർജന്റീനയെ പുറത്താക്കാൻ ബ്രസീലിന് കഴിഞ്ഞു. 1995, 1999, 2004, 2007 വർഷങ്ങളിലാണ് ഇതിന് മുമ്പ് ബ്രസീലിനോട് തോറ്റ് അർജന്റീന കോപ്പയ്ക്ക് വെളിയിലായത്.
# ബ്രസീലിയൻ ഗോളി ആലിസൺ കഴിഞ്ഞ മേയ് 4 ന് ലിവർപൂളിന് വല കാത്തതിന് ശേഷമുള്ള ഒൻപത് മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടില്ല.
14-4
സെമിയിൽ ബ്രസീലിനെക്കാൾ ആക്രമണം നടത്തിയത് അർജന്റീനയാണ്. 14 ഷോട്ടുകളാണ് മെസിയും സംഘവും പായിച്ചത്. ബ്രസീലുകാർ നാലും. എന്നാൽ ഇതിൽ രണ്ടെണ്ണം ഗോളുകളായി.
10
ഈ കോപ്പയിൽ ബ്രസീൽ ടീം തേടുന്ന ഗോളുകളുടെ എണ്ണം പത്തായി.
2007
ന് ശേഷം ആദ്യമായാണ് ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബാളിന്റെ ഫൈനലിലെത്തുന്നത്. അന്ന് ഫൈനലിൽ ബ്രസീൽ 3-0ത്തിന് അർജന്റീനയെയാണ് തോൽപ്പിച്ചിരുന്നത്.
1993 ലെ കോപ്പയ്ക്ക് ശേഷം അർജന്റീനയ്ക്ക് ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല.
2015, 2016 വർഷങ്ങളിലെ കോപ്പയിൽ ഫൈനലിലെത്തി ചിലിയോട് തോറ്റു മടങ്ങിയവരാണ് മെസിയും സംഘവും.
അർജന്റീന ശനിയാഴ്ച ലൂസേഴ്സ് ഫൈനലിനിറങ്ങും.
ക്യാപ്ഷൻ
2014 ലോകകപ്പ് ഫൈനൽ, 2015 ലെയും 2016 ലെയും കോപ്പ ഫൈനലുകൾ, 2018 ലോകകപ്പിലെ പ്രീക്വാർട്ടർ... തന്റെ രാജ്യത്തിനൊരു കിരീടം നേടിക്കൊടുക്കാനുള്ള മെസിയുടെ പോരാട്ടങ്ങൾക്ക് ഈ കോപ്പയിലും ഫലം കാണാനായില്ല. ക്ളബ് ഫുടബാളിൽ ബാഴ്സലോണയ്ക്ക് വേണ്ടി 30 ലധികം കിരീടങ്ങളിൽ ഉമ്മ വച്ചിട്ടും സ്വന്തം നാടിനായി ഒരു കിരീടം ഏറ്റുവാങ്ങാൻ കാൽപ്പന്തുകളിലൂടെ ഈ രാജാവിന് യോഗമില്ല തന്നെ...