icc

ചെഷർലെ സ്ട്രീറ്റ് : ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 119 റൺസിന് കീഴടക്കി ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ കടന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ഓപ്പണർ ജോണി ബെയർസ്റ്റോയുടെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 45 ഓവറിൽ 186 റൺസിന് ആൾഔട്ടാവുകയായിരുന്നു. 1992ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്.


തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ബെയർസ്‌റ്രോയാണ്

ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ രക്ഷകനായത്. ലോകകപ്പിൽ തുടർച്ചയായ രണ്ടുമത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് ബെയർസ്റ്രോ.

അർദ്ധ സെഞ്ച്വറി നേടിയ ജാസൺ റോയ്‌യും (60) ബെയർസ്റ്റോയും ഇന്ത്യയ്ക്കെതിരായ മത്സരത്തിന്റെ തനിയാവർത്തനം പോലെയാണ് ഇന്നലെ ബാറ്റു വീശിയത്. ഓപ്പണിംഗിൽ ഇവർ 18.4 ഓവറിൽ 123 റൺസാണ് കൂട്ടിച്ചേർത്തത്. റോയ്‌യെ സാന്റ്‌നറുടെ കയ്യിലെത്തിച്ച് നീഷമാണ് സഖ്യം പൊളിച്ചത്. തുടർന്ന് നായകൻ ഒയിൻ മോർഗൻ ചെറുത്തു നിന്നെങ്കിലും മറ്റുള്ളവരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ കിവീസ് ബൗളർമാർ ഇംഗ്ളണ്ടിനെ സമ്മർദ്ദത്തിലാക്കി.

ജോറൂട്ട് (24), ജോസ് ബട്ട്ലർ (11), ബെയർസ്റ്റോ സ്റ്റോക്സ് (11), ക്രിസ് പോക്സ് (4), മോർഗൻ (42) എന്നിവരുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നഷ്ടമായതാണ് ആതിഥേയരെ വമ്പൻ സ്കോറിലേക്ക് എത്തുന്നതിൽ നിന്ന് തടുത്തത്.

കിവീസിന് വേണ്ടി ട്രെന്റ് ബൗൾട്ട്, മാറ്റ് ഹെൻട്രി, നീഷം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൗത്തിക്കും സാന്റ്‌നർക്കും ഓരോ വിക്കറ്റ് ലഭിച്ചു. 99 പന്തുകളിൽ 15 ഫോറുകളും ഒരു സിക്സുമടക്കം 106 റൺസെടുത്ത ബെയർ സ്റ്റോയെ 32-ാം ഓവറിൽ ഹെൻട്രി ക്ളീൻ ബൗൾഡാക്കുകയായിരുന്നു.

മറുപടിക്കിറങ്ങിയ കിവീസിന് ആദ്യ ഓവറിൽത്തന്നെ ഹെൻട്രി നിക്കോൾസിനെ (0) നഷ്ടമായി. വോക്സിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് ഗപ്ടിൽ (8), കേൽ വില്യംസൺ (27), റോസ് ടെയ്‌ലർ (28), നീഷം (19) എന്നിവർ പുറത്തായതോടെ കിവികൾ തളർന്നു. 57 റൺസെടുത്ത വിക്കറ്ര് കീപ്പർ ലതാമിന് മാത്രമാണ് പിടിച്ചു നിൽക്കാനായുള്ളൂ. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.