കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മുറുകവേ, ഹരിത ഫിനാൻസ് എന്ന സ്ഥാപനം ആരംഭിച്ച് പണം പിരിക്കാൻ രാജ്കുമാറിനെ പ്രേരിപ്പിച്ചത് ആരാണ് എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നതായി സൂചന. ഇതിന് പിന്നിൽ ഏതെങ്കിലും പ്രമുഖനുണ്ടോ എന്നതും അന്വേഷണ വിഷയമാണ്. കൊല്ലപ്പെട്ട രാജ്കുമാറിന് എട്ടാം ക്ലാസ് വിദ്യാഭ്യാസമേയുള്ളു. കൂടാതെ മലയാളം അറിയില്ല. തമിഴ് സംസാരിക്കുന്ന കുമാറിന് ടച്ച് മൊബൈൽ പോലും ഉപയോഗിക്കാൻ അറിയില്ല. പിന്നെ എങ്ങനെ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിനെ അത്ഭുതപ്പെടുത്തുന്നത്. അതിനാലാണ് സാമ്പത്തിക ഇടപാടിലെ പിന്നാമ്പുറം അന്വേഷിക്കുന്നത്. നാലു മാസം മുമ്പുവരെ സാമ്പത്തിക ശേഷി ഒട്ടുമില്ലായിരുന്നു രാജ്കുമാറിന്. കൂലിപ്പണിയും ഓട്ടോ ഒാടിച്ചുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പിന്നീടാണ് ഹരിത ഫിനാൻസ് എന്ന പേരിൽ സ്ഥാപനം ആരംഭിക്കുന്നത്. അതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണ ഉണ്ടായിരുന്നോ എന്നാണ് അന്വേഷണം. പിന്നീട് രാജ്കുമാർ തൂക്കുപാലത്തേക്ക് താമസം മാറ്റിയാണ് സ്ഥാപനത്തിൽ നിന്ന് വായ്പ ലഭ്യമാക്കാമെന്ന് പറഞ്ഞ് പ്രോസസിംഗ് ഫീസ് എന്ന പേരിൽ പിരിവ് തുടങ്ങിയത്.
തരക്കേടില്ലാത്ത വീട് വാടകയ്ക്ക് എടുത്താണ് പദ്ധതി പ്ലാൻ ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ ആഡംബര കാറും എത്തി. പിന്നീടാണ് കുടുംബശ്രീ പോലെയുള്ള സഹകരണ സംഘങ്ങളെ സമീപിച്ചത്. ജീവനക്കാരെ നിയോഗിച്ചായിരുന്നു ആളുകളെ വശത്താക്കൽ. രാജ്കുമാറും ആദ്യമൊക്കെ ആഡംബര കാറിൽ ഒപ്പമുണ്ടായിരുന്നു. രാജ്കുമാറിന് ഫിനാൻസ് മുടക്കിയത് ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ പ്രമുഖനാവാം രാജ് കുമാർ പിരിച്ചെടുത്ത പണം കൊണ്ടുപോയത്.
അജ്ഞാതനായ ആരോ രാജ്കുമാറിനെ മുന്നിൽ നിറുത്തി പണം തട്ടുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് ബോദ്ധ്യമായിട്ടുണ്ട്. രണ്ടാം പ്രതി മഞ്ജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ മലപ്പുറം സ്വദേശി നാസർ ആണെന്നാണ് പറഞ്ഞത്. എന്നാൽ ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും മഞ്ജു മൊഴി നൽകി. 4.63 കോടി രൂപ ബാങ്കിലുണ്ടെന്ന് ഇന്നലെ മാദ്ധ്യമങ്ങളോട് മഞ്ജു വെളിപ്പെടുത്തിയിരുന്നു.
ഉരുട്ടലിന് വിധേയനായ രാജ്കുമാർ കൊല്ലപ്പെട്ടതോടെ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരെ രക്ഷിക്കാൻ തുടക്കത്തിൽ ശ്രമം നടത്തിയത് സമൂഹത്തിലോ രാഷ്ട്രീയത്തിലോ വൻസ്വാധീനമുള്ള ആരോ ഒരാൾ പിറികിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ട രാജ്കുമാറിനെ നാലു ദിവസങ്ങൾ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തത് ഇതിന് തെളിവാണ്. കൂടാതെ കിരാതമർദ്ദനം അഴിച്ചുവിടാനും പൊലീസുകാർ തുനിഞ്ഞു. കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ജാമ്യത്തിൽ വിട്ടുവെന്ന് കള്ളരേഖ ചമയ്ക്കാൻ പൊലീസ് ശ്രമിച്ചു. ജനക്കൂട്ടം ആക്രമിച്ചതിനാലാണ് രാജ്കുമാറിന് പരിക്കുപറ്റിയതെന്ന് സ്ഥാപിച്ചെടുക്കാനും ശ്രമമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതിന്റെ രേഖപോലും കാണാതായി. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.
നെടുങ്കണ്ടം ഉരുട്ടിക്കൊല:
എസ്.പിയ്ക്കും പണി കിട്ടും
സ്ഥലംമാറ്റുമെന്ന് സൂചന
കോട്ടയം: രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ നടപടി. എസ്.പിയെ സ്ഥലം മാറ്റുമെന്ന് ഉറപ്പായി. ഒരു പക്ഷേ, ഇന്നുതന്നെ ഉത്തരവ് ഇറങ്ങിയേക്കും. തത്കാലം പുതിയ ചുമതലകൾ നൽകില്ലെന്നും സൂചനയുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി ക്കെതിരെയും നടപടി ഉണ്ടാവുമെന്നും സൂചനയുണ്ട്. രാജ്കുമാറിനെ ഉരുട്ടിയെന്ന് ഇന്നലെ അറസ്റ്റിലായ എസ്.ഐ സാബുവും ഡ്രൈവർ സജിമോനും കുറ്റസമ്മതം നടത്തിയതോടെയാണ് ജില്ലാ മേധാവിക്കെതിരെ നടപടി ഉറപ്പായത്.
രാജ്കുമാറിനെ പിടികൂടിയ വിവരം അന്നേദിവസം തന്നെ ജില്ലാ മേധാവിയെ അറിയിച്ചിരുന്നുവെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്തത് മേധാവിയുടെ ഉത്തരവ് പ്രകാരമാണെന്നും എസ്.ഐ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.
നാലു ദിവസം രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ചതിൽ മേലുദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നല്കിയിരുന്നു. എന്നാൽ താൻ അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എസ്.പി ആദ്യംമുതലേ ആവർത്തിച്ചുകൊണ്ടിരുന്നത്.
ഒരു ഡിവൈ.എസ്.പി രാത്രിയിൽ നെടുങ്കണ്ടം സ്റ്റേഷനിൽ മഫ്ടിയിൽ സ്വകാര്യ കാറിലെത്തിയത് എന്തിനുവേണ്ടിയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഡിവൈ.എസ്.പി രാജ്കുമാറിനെ മർദ്ദിച്ചുവെന്നാണ് സ്റ്റേഷനിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ ക്രൈംബ്രാഞ്ചിന് മൊഴി നല്കിയിട്ടുള്ളത്. ആരു പറഞ്ഞിട്ടാണ് ഡിവൈ.എസ്.പി നെടുങ്കണ്ടം സ്റ്റേഷനിൽ രാത്രിയിൽ എത്തിയതെന്ന് അറിയില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമാണോ അതോ രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും പറഞ്ഞിട്ടാണോ എന്നതിനെക്കുറിച്ചാവും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക.
ജയിൽ ഡി.ജി.പി ഋഷിരാജ്സിംഗ് ഇന്ന് പീരുമേട് സബ് ജയിൽ സന്ദർശിക്കും. പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ വി.കെ.മോഹനൻ നെടുങ്കണ്ടം സ്റ്റേഷനിലെത്തും. തുടർന്ന് അദ്ദേഹവും പീരുമേട് സബ് ജയിലിലെത്തി റിപ്പോർട്ട് തേടും. രാജ്കുമാർ മരിച്ചതിനെ തുടർന്ന് എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സ്റ്റേഷൻ മാറ്റുകയും ചെയ്തു. എസ്.ഐയെയും ഒരു ഡ്രൈവറെയും അറസ്റ്റ് ചെയ്ത് റിമാൻഡിലായതോടെ ശേഷിക്കുന്ന ആറ് പേർക്കെതിരെയും നടപടി ഉണ്ടാവും. എ.എസ്.ഐ സി.ബി.റെജിമോൻ, എ.എസ്.ഐ റൈറ്റർ റോയി പി.വർഗീസ്, സി.പി.ഒ അസിസ്റ്റന്റ് റൈറ്റർ ശ്യാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് വർഗീസ്, ബിജു ലൂക്കോസ്, ഡ്രൈവർ നിയാസ് എന്നിവരാണ് സസ്പെൻഷനിലുള്ളത്.