ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് തീർത്ത് പറഞ്ഞതോടെ ഉടനെങ്ങും അധികാരത്തിൽ തിരിച്ചുവരാൻ കഴിയില്ലെന്ന നിരാശയിൽ കോൺഗ്രസ് നേതൃത്വവും അണികളും. തുടർച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കൾ പലരും.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ തലമുറയിൽ നിന്ന് ഒരാളെ കൊണ്ടുവരാനാണ് രാഹുലിന്റെ താല്പര്യം. എന്നാൽ തീരുമാനം മുതിർന്ന കോൺഗ്രസ് നേതാക്കളെടുക്കട്ടെ എന്നാണ് രാഹുൽ പറയുന്നത്. സച്ചിൻ പൈലറ്ര് , ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളായിരുന്നു രാഹുലിന്റെ മനസ്സിലുള്ളതെങ്കിലും ഇവരുടെ സംസ്ഥാനങ്ങളിൽ നിന്നു തന്നെ ഇവർക്കെല്ലാം എതിർപ്പ് നേരിടേണ്ടിവരും. മുതിർന്ന നേതാക്കളായ സുശീൽ കുമാർ ഷിൻഡെ, അശോക് ഗെഹ്‌ലോട്ട്, ഗുലാംനബി ആസാദ് , മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്. മുകുൾ വാസ്നിക്കിനെ പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്.
അതേസമയം ഇനി കോൺഗ്രസിന് തിരിച്ചുവരാൻ കഴിയില്ലെന്ന ആത്മവിശ്വാസക്കുറവ് നേതൃത്വത്തെയും അണികളെയും ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ദശാബ്ദങ്ങളായി ഇന്ത്യയിലെ ഏറ്രവും അധികം എം.പി മാരെ അയയ്ക്കുന്ന യുപിയിൽ കോൺഗ്രസ് നാമാവശേഷമായി. ബിഹാറിലും ഇതാണ് സ്ഥിതി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സ്വാധിനം നാമമാത്രമായി . 1977ൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ നിന്ന് പുറത്തായപ്പോഴും കോൺഗ്രസ് കോട്ടകളായി അവശേഷിച്ച ദക്ഷിണേന്ത്യയിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. ആന്ധ്ര,തെലങ്കാന സംസ്ഥാനങ്ങളിലും നാമാവശേഷമായ പാർട്ടി അല്പമെങ്കിലും പിടിച്ചുനിൽക്കുന്നത് കർണാടകത്തിലാണ്. അവിടെയും എപ്പോഴും മന്ത്രിസഭ നിലംപൊത്താമെന്ന നിലയ്ക്കാണ്. അതേസമയം, കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കോൺഗ്രസിന് നേടാനായത്.