kilimanoor-crime-

തിരുവനന്തപുരം:അനീഷുമായുള്ള തന്റെ ബന്ധം തുടരാൻ മകൾ മീരയെ അയാൾക്ക് വിവാഹം ചെയ്ത് നൽകുന്നതിനും താൻ ആലോചിച്ചിരുന്നതായി കിളിമാനൂരിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മഞ്ജുഷ പൊലീസിനോട് വെളിപ്പെടുത്തി.പ്രായപൂർത്തിയായശേഷം മീരയെ അനീഷിന് വിവാഹം ചെയ്ത് കൊടുത്താൽ അവർക്കൊപ്പം കഴിയാമെന്നും താനും അനീഷുമായുള്ള ബന്ധം രഹസ്യമായി തുടരാമെന്നുമായിരുന്നു മഞ്ജുഷയുടെ കണക്കുകൂട്ടൽ.

എന്നാൽ അമ്മയും അനീഷുമായുള്ള അടുപ്പം ഇഷ്ടമില്ലാതിരുന്ന മീര അനീഷ് വീട്ടിൽ വന്നുപോകുന്നത് എതിർത്തിരുന്നു. സംഭവദിവസം അനീഷ് വീട്ടിലെത്തിയത് മീര ചോദ്യം ചെയ്തു. എന്നാൽ മകളെ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അനീഷുമായുള്ള ബന്ധം തുടരാനാകില്ലെന്ന മീരയുടെ നിലപാടിൽ പക മനസിൽ സൂക്ഷിച്ച മഞ്ജുഷ അവസരം കിട്ടിയപ്പോൾ അവളെ അപായപ്പെടുത്തുകയായിരുന്നു. മീരയുടെ ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മീര മരിച്ചുകാണുമെന്ന് കരുതി മറവ് ചെയ്യാനായി ബൈക്കിൽ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ഷാളുമായാണ് ഇവർ തമിഴ്നാട്ടിലേക്ക് പോയത്. തെളിവെടുപ്പിൽ നാഗർ കോവിലിന് സമീപം ഉപേക്ഷിച്ച ഷാൾ പൊലീസ് കണ്ടെത്തി. തെളിവെടുപ്പിന് ശേഷം മഞ്ജുഷയെയും അനീഷിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.