നെയ്യാറ്റിൻകര: മത്സ്യകൃഷിയിൽ അനന്തമായ സാദ്ധ്യതകളുള്ള ചെങ്കൽ വലിയ കുളത്തിൽ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ നശിക്കുമോയെന്ന ആശങ്ക വർദ്ധിക്കുന്നു. യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതായി നാട്ടുകാർ പരാതിപ്പെടുകയാണ്. ജില്ലയിലെ നൂറുകണക്കിന് എൻ.സി.സി വോളന്റിയർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും കഠിനാദ്ധ്വാനം കൊണ്ട് പുനർജ്ജനിച്ച കുളത്തിലെ ജീവജാലങ്ങൾക്കാണ് യന്ത്രവത്കൃത ബോട്ടുകൾ ഭീഷണിയാകുന്നത്. ഇവിടെ വളർത്തിയിരുന്ന മത്സ്യക്കുഞ്ഞുങ്ങൾ വലുതായതോടെയാണ് പാരിസ്ഥിതിക മാനദണ്ഡങ്ങൾ യാതൊന്നും പാലിക്കാതെയുള്ള മത്സ്യബന്ധനം ആരംഭിച്ചത്. വല ഉപയോഗിച്ച് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കേടുപറ്റാതെ മീൻ പിടിക്കുന്നതിന് പകരം യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനമാണ് ഇവിടെ നടക്കുന്നത്. ഇതിൽ നിന്നുള്ള ഡീസലും പുകയും കുളത്തിൽ കലരുമെന്ന് പരിസരവാസികളും പ്രകൃതി സ്നേഹികളും പറയുന്നു. മാത്രമല്ല ജലത്തിൽ കലരുന്ന ഡീസലിന്റെ അംശം കൃഷിയിടങ്ങൾക്കും ശുദ്ധജല സംഭരണത്തിനും ഭീഷണിയാണ്. കാടുകയറി നാശോന്മുഖമായി കിടന്ന കുളം ഗാന്ധിമിത്ര മണ്ഡലം നെയ്യാറ്റിൻകര കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ട പരിശ്രമത്തിനൊടുവിൽ പുനർജ്ജനിച്ചപ്പോൾ മത്സ്യങ്ങളെ വളർത്താനും നീന്തൽ സൗകര്യത്തിനായും കുളം ഉപയോഗിക്കണമെന്നും മത്സ്യങ്ങളുടെ ജൈവ ആവാസവ്യവസ്ഥയ്ക്ക് കേടുകൂടാതെ വേണം മത്സ്യ ബന്ധനം നടത്തേണ്ടതെന്നും നൽകപ്പെട്ട ഉറപ്പാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
നടപ്പാക്കാം ഫിഷറീസ് ടൂറിസം
വിദേശ രാജ്യങ്ങളിലെപ്പോലെ വിവിധയിനം വർണാഭമായ ശുദ്ധജല മത്സ്യങ്ങൾ വളർത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പാക്കാനും ശ്രമമില്ല. ടൂറിസം പ്രൊമോഷൻ കൗൺസിൽ ഇത്തരമൊരു പദ്ധതിയെ കുറിച്ച് സൂചിപ്പിച്ചെങ്കിലും അധികൃതരുടെ മൗനം പദ്ധതിയെ ഇല്ലാതാക്കി.
ശുചീകരിച്ചവർ ഒത്തുചേരും
വലിയകുളം ശുചീകരണത്തിന് നേതൃത്വം കൊടുത്ത കേരള സർവകലാശാല അദ്ധ്യാപകരും എൻ.എസ്.എസ് വിദ്യാർത്ഥികളും ഗാന്ധിമാർഗപ്രവർത്തകരും ചെങ്കൽ ഗാന്ധി തീർത്ഥക്കരയിൽ 6, 7 തിയതികളിൽ ഒത്തുചേരും. അവിടെ വച്ച് കുടിനീർ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. സ്ഥിരം ഗാന്ധി തീർത്ഥ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജലവും മലിനമാകുന്നു
വലിയകുളത്തിലെ ജലവും മലിനമാകുകയാണ്. കുളത്തിലേക്ക് എത്തുന്ന മാലിന്യങ്ങൾ തടയാനോ വന്നുകൂടുന്ന പായലും മറ്റും നീക്കം ചെയ്യാനോ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.