crime

തിരുവനന്തപുരം: ആട്ടോ ഡ്രൈവറായ യുവാവിന്റെ ദുരൂഹ മരണം നടന്ന് നാലാണ്ട് പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേരള കൗമുദി ഫ്ളാഷ് ഏജന്റായ ചടയമംഗലം നിലമേൽ മുരുക്കുമൺ ഇടത്തറ റോഡിൽ സുമംഗലഭവനിൽ സുമംഗലയുടെ ഏകമകൻ രാജേഷിന്റെ (29) മരണം സംബന്ധിച്ച അന്വേഷണമാണ് എവിടെയുമെത്താത്തത്. രാജേഷിന് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും അവനെ ചിലർ അപായപ്പെടുത്തിയതാണെന്നും ആരോപിച്ച് സുമംഗല ഡി.ജി.പിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് വിശദമായി അന്വേഷിക്കാൻ ഒരുവർഷം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന അതേ സംഘത്തിനാണ് രാജേഷിന്റെ കേസിന്റെയും ചുമതല.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും സുമംഗല കരുതിയെങ്കിലും വർഷം ഒന്നായിട്ടും സംശയിക്കുന്നവരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ലെന്ന് ഈ വൃദ്ധമാതാവ് പറയുന്നു. പ്രായാധിക്യവും രോഗങ്ങളും നിരന്തരം വേട്ടയാടിയിട്ടും മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ നിരന്തരം ക്രൈംബ്രാഞ്ച് ഓഫീസ് കയറിയിറങ്ങുകയാണ് ഇവർ. തന്റെ കണ്ണടയുംമുമ്പ് കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ മകന്റെ ആത്മാവ് തന്നോട് പൊറുക്കില്ലെന്ന് വിശ്വസിക്കുന്ന ഈ അമ്മ നീതിക്കായി ഏതറ്റം വരെയും പോകാനുള്ള തയ്യാറെടുപ്പിലാണ്.

നാലുവർഷം മുമ്പ് ഡിസംബർ 12ന് രാവിലെ പതിവുപോലെ ആട്ടോയുമായി രാജേഷ് ഓട്ടം പോകാനിറങ്ങുമ്പോഴാണ് രണ്ട് സ്ത്രീകൾ വീട്ടിലെത്തി രാജേഷിനെ അമ്മയുടെ മുന്നിൽവച്ച് ഭീഷണിപ്പെടുത്തുന്നത്. രാജേഷിനോട് സ്ത്രീകൾ കയർക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കേട്ട സുമംഗല കാര്യം അന്വേഷിച്ചു. വീട്ടിലെത്തിയ സ്ത്രീകളിലൊരാളുടെ ഭർത്താവിനോട് രാജേഷ് ഫോണിലൂടെ അവരെപ്പറ്റി എന്തോ പറഞ്ഞുവെന്നാരോപിച്ചായിരുന്നു പ്രശ്നം. എന്നാൽ താൻ ആരെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നും രാജേഷ് പറ‌ഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവർ മടങ്ങി.

രാജേഷ് ആട്ടോയുമായി സ്റ്റാൻഡിലേക്ക് പോയി. വീട്ടിലെത്തി മകനെ സ്ത്രീകൾ ഭീഷണിപ്പെടുത്തിയ വിവരം സുമംഗല പഞ്ചായത്ത് മെമ്പ‌റോടും പ്രസിഡന്റിനോടും പ്രദേശത്തെ ചില നേതാക്കളോടും പറയുകയും പൊലീസിൽ പരാതി നൽകാൻ അവരുടെ സഹായം തേടുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയവരോട് സംസാരിച്ചശേഷം പരാതി നൽകിയാൽ മതിയെന്നായിരുന്നു അവരുടെ ഉപദേശം. ഇതനുസരിച്ച് സുമംഗല പരാതി നൽകാൻ മുതിർന്നില്ല. വൈകുന്നേരം മദ്ധ്യസ്ഥതയ്ക്ക് പോകാൻ രാജേഷിനെ ഫോണിൽ വിളിച്ചപ്പോൾ വെഞ്ഞാറമൂട്ടിൽ ഓട്ടം പോയശേഷം തിരികെ വരികയാണെന്നും ഉടൻ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് രാജേഷിനെ ഫോണിൽ കിട്ടിയില്ല. അർദ്ധരാത്രി വരെ കാത്തിരുന്നിട്ടും മകനെ കാണാതായതോടെ സുമംഗല ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തങ്ങൾ അന്വേഷിക്കാമെന്നും മകന്റെ ഫോട്ടോയുൾപ്പെടെ പരസ്യം നൽകി കണ്ടെത്താമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചയതല്ലാതെ രാജേഷിനെ കണ്ടെത്താൻ പൊലീസ് യാതൊന്നും ചെയ്തില്ല.

ബന്ധുക്കളുടെ സഹായത്തോടെ സുമംഗല നടത്തിയ അന്വേഷണത്തിൽ രാജേഷിന്റെ ആട്ടോ, സ്റ്റാൻഡിന് സമീപത്തെ ഒരു ബാങ്കിന്റെ പരിസരത്ത് ഒതുക്കിയിട്ട നിലയിൽ കണ്ടെത്തി. ഇക്കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊന്നും രാജേഷിനെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല. രണ്ടുദിവസത്തിന് ശേഷം തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് രാജേഷിന്റെ വീട്ടിലേക്ക് ഒരു ഫോൺകോളെത്തി. കൊച്ചുവേളിയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ ഒരു മൃതദേഹം കാണപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കളാരെങ്കിലും എത്തണമെന്നുമായിരുന്നു സന്ദേശം. അതനുസരിച്ച് രാജേഷിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരമാസകലം മുറിവുകളോടെ ട്രാക്കിന് സമീപമാണ് രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. റെയിൽവേ ട്രാക്കിന് സമീപം കാണപ്പെട്ടതിനാൽ ആത്മഹത്യയോ അപകടമോ ആണെന്ന നിലയിലായിരുന്നു പൊലീസ്. അതോടെയാണ് സുമംഗല വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജി.പിയെ കണ്ടത്.

ദുരൂഹതയ്ക്കുള്ള കാരണങ്ങൾ

രാജേഷിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നുമില്ല

 രാജേഷിനെ മുരുക്കമണിൽ അന്വേഷിച്ചെത്തിയപ്പോൾ നിലമേൽ ഇരിപ്പുണ്ടെന്ന് ചിലർ പറഞ്ഞതും അവിടെ എത്തിയപ്പോൾ കാണാതായതും

 ആട്ടോയുടെ താക്കോൽ മറ്രൊരു യുവാവിന്റെ കൈവശം എങ്ങനെയെത്തി എന്നത്.

 രാജേഷിന്റെ മൊബൈൽ ഫോൺ തിരികെ കിട്ടാത്തത്

''

രാജേഷിന്റെ മാതാവിന്റെ പരാതിയിൽ സംശയം ഉന്നയിച്ചിരിക്കുന്ന പലരെയും നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചു. സംശയകരമായി യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. ദൃക്സാക്ഷികളുൾപ്പെടെ കൊലപാതകമാണെന്ന് തെളിയിക്കാൻ ഉതകുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സി.ഐ, ക്രൈംബ്രാഞ്ച് യൂണിറ്റ്, ജവഹർനഗർ