bjp

തിരുവനന്തപുരം: ബി.ജെ.പി മെമ്പർഷിപ്പ് കാമ്പെയിൻ നാളെ മുതൽ ആഗസ്റ്റ് 11 വരെ നടക്കുമെന്ന് സംസ്ഥാന മെമ്പർഷിപ്പ് ഇൻചാർജ് കെ.പി. ശ്രീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയതല കാമ്പെയിൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ നിർവഹിക്കും.

മിസ്ഡ് കോളുകളിലൂടെയും ഓൺലൈൻ വഴിയും അപേക്ഷാഫാറത്തിലൂടെയും അംഗത്വം നേടാം. സംസ്ഥാനത്തെ ബി.ജെ.പി അനുഭാവികളുടെ എണ്ണം 30 ലക്ഷമാക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് കൂടുതൽ പേരെ പാർട്ടിയിലെത്തിക്കാൻ ശ്രദ്ധിക്കും. ഏഴിന് ബൂത്തുതല മെമ്പർഷിപ്പ് ദിനവും, എട്ടിന് മോർച്ചകളുടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കോളനികൾ, പ്രധാന നഗരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മെമ്പർഷിപ്പ് ബൂത്തുകളും ഹെൽപ്പ് ഡെസ്‌കുകളും സ്ഥാപിക്കുമെന്ന് കെ.പി. ശ്രീശൻ പറഞ്ഞു. എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ പങ്കെടുത്തു.