കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള തന്റെ രാജിതീരുമാനം അന്തിമമാണെന്നും ഇനിയൊരു പുനരാലോചന ഇല്ലെന്നും രാഹുൽഗാന്ധി വ്യക്തമാക്കിയതോടെ കോൺഗ്രസ് പാർട്ടി അക്ഷരാർത്ഥത്തിൽ നാഥനില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാംനാൾ നടന്ന പ്രവർത്തക സമിതിയോഗത്തിലാണ് രാഹുൽഗാന്ധി താൻ പാർട്ടി നേതൃസ്ഥാനം ഒഴിയുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്. യോഗത്തിൽ സംബന്ധിച്ച നേതാക്കളെയെല്ലാം ഞെട്ടിച്ച ഇൗ തീരുമാനത്തിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ രാജ്യത്തെമ്പാടുമുള്ള കോൺഗ്രസ് നേതാക്കൾ അന്നുതൊട്ട് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 543 അംഗ ലോക്സഭയിൽ 52 സീറ്റുമാത്രം നേടി പരാജയത്തിന്റെ വലിയ മാറാപ്പുമായി നിൽക്കുന്ന കോൺഗ്രസിനെ കൂടുതൽ കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നതായിരുന്നു രാഹുൽഗാന്ധിയുടെ അപ്രതീക്ഷിത രാജി തീരുമാനം.
പാർട്ടിക്കു നേരിട്ട കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുത്തുകൊണ്ടാണ് രാഹുൽഗാന്ധി അദ്ധ്യക്ഷപദവി ഒഴിയാൻ തീരുമാനിച്ചത്. നിർണായകമായ ഘട്ടങ്ങളിൽ ഉന്നത നേതാക്കൾ ഉൾപ്പെടെ പാർട്ടിയിലെ പലരും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് തന്നെ കൈവിട്ടെന്ന പരാതിയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എത്രയും വേഗം പുതിയൊരു അമരക്കാരനെ കണ്ടെത്താൻ ആവശ്യമായ നടപടികൾക്ക് തുടക്കമിടാൻ നിർദ്ദേശിച്ചു കൊണ്ടാണ് രാഹുൽ അദ്ധ്യക്ഷന്റെ കസേര ഒഴിഞ്ഞതെങ്കിലും ആ വഴിക്ക് പിന്നീട് ശ്രമമൊന്നുമുണ്ടായില്ല. രാഹുലിന്റെ മേൽ സമ്മർദ്ദം ചെലുത്തി തീരുമാനം പിൻവലിപ്പിക്കാമെന്ന വിശ്വാസത്തിലായിരുന്നു നേതാക്കൾ. ഇതിനായി അവർ പണ്ടത്തെപ്പോലെ കോൺഗ്രസ് പ്രവർത്തകരെ തെളിച്ചുകൊണ്ടുവന്ന് എ.ഐ.സി.സി ആസ്ഥാനത്തിനുമുമ്പിൽ പലകുറി പ്രകടനങ്ങൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇരുനൂറിലധികം നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജിവച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദികളായവരുടെ കൂട്ടത്തിൽ രാഹുൽഗാന്ധി പേരെടുത്ത് പറഞ്ഞ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും കമൽ നാഥും രാജിവച്ചവരുടെ കൂട്ടത്തിലില്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. സ്വന്തം പുത്രന്മാർക്കുവേണ്ടിയല്ലാതെ ഇൗ മുതിർന്ന നേതാക്കൾ പാർട്ടിയുടെ വിജയത്തിനായി ഒന്നും ചെയ്തില്ലെന്നായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ.
2017 ഡിസംബർ 16 ന് കോൺഗ്രസ് അദ്ധ്യക്ഷപദമേൽക്കുമ്പോൾ രാഹുൽഗാന്ധിയിൽ പാർട്ടി നേതാക്കൾക്കും സാധാരണ പ്രവർത്തകർക്കും വാനോളം പ്രതീക്ഷകളാണുണ്ടായിരുന്നത് എന്നാൽ പൊതുതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് മുമ്പിൽ അമ്പേ പകച്ചുപോയ മനസുറപ്പില്ലാത്ത നേതാവിനെയാണ് ഇപ്പോൾ കാണുന്നത്. വർഷങ്ങളായി പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന പലവിധ പ്രതിസന്ധികളുടെ ആകെത്തുകയായി മാത്രമേ തിരഞ്ഞെടുപ്പ് തോൽവിയെ വിലയിരുത്താനാവൂ. പാർട്ടി അദ്ധ്യക്ഷനെന്നനിലയിൽ രാഹുലിന് മാത്രമായി ഇൗ തോൽവിയുടെ പാപഭാരം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നതാണ് യാഥാർത്ഥ്യം. എത്രയോ കാലമായി കോൺഗ്രസ് ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വട്ടപ്പൂജ്യമായി മാറിയിരുന്നു. നാടാകെ പടർന്ന് പന്തലിച്ചിരുന്ന അതിന്റെ തായ്വേരുപോലും അറ്റനിലയിലായ സംസ്ഥാനങ്ങൾ നിരവധി ഉണ്ട്. ജനങ്ങളിൽ നിന്ന് അകന്നുപോയ പാർട്ടിക്ക് പഴയ നിലയിലെത്താൻ വലിയ പ്രയാസം തന്നെയാണ്.
നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രവർത്തനശൈലി സ്വീകരിക്കാൻ കാര്യമായ ശ്രമമൊന്നും ഉണ്ടായില്ല. വോട്ടുതേടി എത്തിയ നേതാക്കളിലേറെയും ജനങ്ങൾ പണ്ടേ തിരസ്കരിച്ചവരുമായിരുന്നു. അധികാരത്തിലിരുന്ന കാലത്ത് അഴിമതിയും ക്രമക്കേടുകളും കാണിച്ച് കുപ്രസിദ്ധി നേടിയവരും കൂട്ടത്തിലുണ്ടായിരുന്നു. ബി.ജെ.പി വിരുദ്ധ, പ്രത്യേകിച്ചും മോദി വിരുദ്ധ മുദ്രാവാക്യത്തിലൂന്നിയുള്ള കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ പിഴച്ചുപോയതിൽ അദ്ഭുതമൊന്നുമില്ല. ഇവിടെയും ജനങ്ങളുടെ മനസ് വായിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾ പാടേ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. പരാജയത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുത്തതിലൂടെ രാഹുൽഗാന്ധി സ്വയം കുരിശിൽ കയറേണ്ട കാര്യമൊന്നുമില്ല എന്നതാണ് രാഷ്ട്രീയ യാഥാർത്ഥ്യം. എല്ലാ അർത്ഥത്തിലും ധീരതയും രാഷ്ട്രീയ പക്വതയും പ്രകടിപ്പിക്കേണ്ട ഒരു സന്ദിഗ്ദ്ധ ഘട്ടത്തിൽ എല്ലാംഇട്ടെറിഞ്ഞ് പരാജിതനെപ്പോലെ ഒറ്റപ്പെടലിന്റെ സുരക്ഷിതത്വം തേടിപ്പോകുന്നത് ദീർഘപാരമ്പര്യവും ചരിത്രവുമുള്ള ഒരു പാർട്ടിയുടെ അമരക്കാരന് യോജിച്ച നടപടിയായിരുന്നില്ല.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പോലുള്ള ഒരു വലിയ പാർട്ടി വേരറ്റുപോകാതെ നിലനിൽക്കേണ്ടത് എത്രയും ആവശ്യമാണ്. നഷ്ടപ്പെട്ട പ്രതാപവും ജനപിന്തുണയും പഴയതുപോലെ വീണ്ടെടുക്കാൻ ഉടനെയൊന്നും കഴിഞ്ഞില്ലെങ്കിലും അത് നിലനിൽക്കേണ്ടത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏറെ ആവശ്യമാണ്. കോൺഗ്രസിന്റെ സമ്പൂർണ തകർച്ചയെന്നാൽ ദേശീയ തലത്തിൽ ഏകകക്ഷിയുടെ സർവാധിപത്യമെന്നാണ് അർത്ഥം. ശക്തന്മാരായ കേന്ദ്രഭരണകക്ഷിയെ നേരിടാൻ ശക്തമായ പ്രതിപക്ഷനിരയും ജനാധിപത്യത്തിൽ അനിവാര്യമാണ്. കോൺഗ്രസ് വേണം ഇന്നത്തെ സാഹചര്യത്തിൽ ആ ദൗത്യം നിറവേറ്റാൻ. കോൺഗ്രസ് തളർന്നാൽ ആ സ്ഥാനത്ത് വരുന്നത് പ്രാദേശിക കക്ഷികളായിരിക്കും. സങ്കുചിതവും പ്രാദേശികവുമായ താത്പര്യങ്ങളോടെ മാത്രം പ്രവർത്തിക്കുന്ന ഇത്തരം കക്ഷികൾ ഫെഡറൽ സംവിധാനത്തിൽ എത്രമാത്രം ആപത്കാരികളായി മാറാമെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ മുമ്പിലുണ്ട്.
രാജ്യത്ത് രാഷ്ട്രീയ ശൈഥില്യങ്ങളും ഭിന്നതകളുമൊക്കെ ഉണ്ടാകാനേ ഇത് ഇടവരുത്തു. അതുകൊണ്ട് രാജ്യത്തൊട്ടാകെ വേരുകളും അനുയായികളുമുള്ള കോൺഗ്രസിന്റെ ഉയിർത്തെഴുന്നേല്പ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ ആവശ്യമാണ്. രാഹുൽഗാന്ധി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും പാർട്ടി നിലനിൽക്കേണ്ടതുണ്ട്. അതിനാൽത്തന്നെ രാഹുൽ ആവശ്യപ്പെട്ടതുപോലെ പുതിയ നേതാവിനെ കണ്ടെത്താൻ പാർട്ടി ഭരണഘടനപ്രകാരമുള്ള നടപടികൾ ആരംഭിക്കുകയാണ് വേണ്ടത്. രാഹുലിന്റെ രാജിക്കത്തിൽ തീരുമാനമെടുക്കാൻ അടുത്ത ആഴ്ച ആദ്യം പ്രവർത്തക സമിതി ചേരുമെന്നാണ് കേൾക്കുന്നത്. രാഹുൽ പാർട്ടി അദ്ധ്യക്ഷനായി തുടരണമെന്നഭ്യർത്ഥിക്കുന്ന പ്രമേയം പാസാക്കുക മാത്രമാകരുത്. ഇൗ യോഗത്തിന്റെ അജൻഡ. തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നാൽ പകരം പുതിയ ആളെ തിരഞ്ഞെടുക്കുകയും വേണം. നാഥനില്ലാത്ത അവസ്ഥ ഏറെനാൾ തുടരുന്നത് എല്ലാ അർത്ഥത്തിലും പാർട്ടിക്ക് നാണക്കേടാണ്. കോൺഗ്രസ് നേതാക്കൾ ഒൗചിത്യവും വിവേകവും കാണിക്കേണ്ട സന്ദർഭമാണിത്.