legislative-assembly

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെയും കസ്റ്റഡി മരണങ്ങളെയും ചൊല്ലി, ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പ് കോർത്തത് നിയമസഭയെ പ്രക്ഷുബ്ധമാക്കി. ഒടുവിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഇടുക്കിയിൽ മാത്രം എന്തുകൊണ്ടാണ് പൊലീസ് നിരന്തരം നിയമം ലംഘിച്ച് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷം, ഇടുക്കി എസ്.പിയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടു. പൊലീസിന്റെ മർദ്ദനമുറകളെ ന്യായീകരിച്ചതായി ആരോപിച്ച് മന്ത്രി എം.എം. മണിയെയും കടന്നാക്രമിച്ചു.

റിമാൻഡ് പ്രതി രാജ്കുമാറിനെ പൊലീസ് മർദ്ദിച്ച ദിവസം തന്നെ, കുടുംബ വഴക്കിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഹക്കീമിനെ നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ച സംഭവം സഭാ നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയ നോട്ടീസ് നല്കിയത്. രാജ്കുമാറിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ ഇടുക്കി എസ്.പിയെ മാറ്റി നിറുത്താനുള്ള ധാർമ്മിക മര്യാദ സർക്കാർ കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടുക്കിയിലെ സ്‌റ്റേഷനുകളിലെ കാര്യങ്ങൾ ജില്ലാ പൊലീസ് സൂപ്രണ്ട് അറിയാതെയാണോ നടക്കുന്നത് ?.നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാർ തുടർച്ചയായി തെറ്റുചെയ്യുന്നത് അവരെ സംരക്ഷിക്കാൻ ജില്ലയിലെ തന്നെ ഒരു മന്ത്രി ഉള്ളതിനാലാണോ? -ചെന്നിത്തല ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനുമായി മന്ത്രി ദീർഘനേരം സംസാരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസിൽ കുറ്റക്കാരായ ഒരാളെപ്പോലും ഈ സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പറഞ്ഞു. രാജ്കുമാർ കേസിൽ കുറ്റവാളികളായി കണ്ടെത്തുന്നവർക്ക് സർവീസിൽ തുടരാൻ കഴിയില്ല. ക്രിമിനൽ കേസിൽപ്പെട്ട 12 പേരെ ഈ സർക്കാർ സർവീസിൽ നിന്ന് മാറ്രി നിറുത്തുകയും മൂന്നുപേരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചപ്പോഴായിരുന്നു വാക്കൗട്ട്.

നേരത്തേ, നോട്ടീസിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിലിനു പ്രസംഗിക്കുന്നതിനുള്ള സമയം സംബന്ധിച്ച് സ്പീക്കറുടെ ഇടപെടലും വാഗ്വാദങ്ങൾക്ക് ഇടയാക്കി. ഏഴു മിനിട്ട് ഷാഫി സംസാരിച്ചപ്പോൾ പ്രസംഗം ചുരുക്കാൻ സ്പീക്കർ നിർദ്ദേശിച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രതിപക്ഷത്തിന്റെ അവകാശം പരമാവധി സംരക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന സ്പീക്കറുടെ മറുപടി ചെവിക്കൊള്ളാതെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ചെയറിനു മുന്നിലേക്ക് എത്തി. ഭരണപക്ഷവും മുൻനിരയിലേക്ക് വന്നതോടെ പരസ്പരം ആക്രോശമായി. ഒടുവിൽ സ്പീക്കർ ചെയറിൽ നിന്ന് എഴുന്നേറ്റ് റൂളിംഗ് നല്കിയതോടെയാണ് രംഗം ശാന്തമായത്.